
തൃശൂർ: 'എല്ലാവർക്കുമൊരു വാലുണ്ട്, ചിലരത് പുറത്ത് കാണിക്കും. ചിലർ മറച്ചുവയ്ക്കും. അപ്പനുമുണ്ടൊരു വാല്. അത് വളർന്ന് നട്ടെല്ല് തന്നെ വളഞ്ഞു. നീ പഠിക്കെടാ, ജയിച്ച് കാണിക്ക്' ജാതിവാലിനപ്പുറം കടക്കാൻ വിദ്യ തന്നെയാണ് മറുപടിയെന്ന് ഉദ്‌ഘോഷിക്കുകയാണ് 'പൊറാട്ട്' എന്ന നാടകം. പൊറാട്ട് നാടകക്കാരനായ അപ്പു ആശാന്റെ മകനോടുള്ള ഉപദേശം വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്നു.
40 വയസിൽ താഴെയുള്ള ഒരു കൂട്ടം യുവതീ യുവാക്കളുടെ നാടകക്കാഴ്ചപ്പാടുകളും പുരോഗമന ചിന്തകളുമെല്ലാമായി 2019ൽ കേരളവർമ്മ കോളേജിൽ പിറന്നതാണ് 'പഞ്ചമി തിയറ്റേഴ്‌സ്.'
കോളേജ് കാലം കഴിഞ്ഞപ്പോൾ പഞ്ചമിയെ അടാട്ട് എന്ന ഗ്രാമത്തിലേക്ക് അവർ പറിച്ചുനട്ടു. കുറിപ്പണം കൊണ്ടും കരുതിവച്ച ചെറുപൈസ കൊണ്ടുമായിരുന്നു വളർച്ച. ഇന്ന് 'പഞ്ചമി'യുടെ പോക്കറ്റ് നിറയെ പുരസ്‌കാരങ്ങളാണ്. സംഗീത നാടക അക്കാഡമിയുടെ അമേച്വർ നാടക മത്സരത്തിൽ 'പൊറാട്ട്' മികച്ച രണ്ടാമത്തെ നാടകമായി. രചന, സംവിധായകൻ, നടൻ എന്നിങ്ങനെയും രണ്ടാം സ്ഥാനം. 2019ൽ അവതരിപ്പിച്ച 'മാളി' ആ വർഷത്തെ മികച്ച നാടകത്തിനുള്ള പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡ് നേടി.
മാളി, സോക്രട്ടീസ് കെ.വാലത്തിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി കവചിതം, പൊറാട്ട്, ഇതിനിടെ കൊവിഡിന് ശേഷം സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച ഏകാംഗ നാടക മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതിൽ നാല് നാടകങ്ങൾ... നാട്ടിൻപുറത്തിന്റെ നന്മയിൽ പഞ്ചമി വളരുകയാണ്.
നിഖിൽ ദാസാണ് ആർട്ടിസ്റ്റിക് ഡയറക്ടർ. നിഖിലിന്റെ സഹോദരനും സംഘം സെക്രട്ടറിയുമായ നിജിൽ ദാസിനാണ് അമേച്വർ നാടക മത്സരത്തിലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ചത്. നിഖിലും നിജിലും മെജോയും ചേർന്ന് സംഗീതവും ഫ്രാൻസിസ് ചിറയത്തും ഷാന്റോ ആന്റണിയും ചേർന്ന് അരങ്ങും രംഗപടവും ഒരുക്കിയാണ് പൊറാട്ട് വേദികളിലെത്തിയത്. ധനേഷാണ് ടെക്‌നിക്കൽ ഡയറക്ടർ. അഖിലാഷ്, ആനന്ദ്, രാംകുമാർ, കിരൺ, അഭിലാഷ്, അനുഷ, ആതിര, മേഘ, മെഹ്നാസ്, മിഥുൻ, ഷിനോദ് എന്നിവരെല്ലാം അഭിനേതാക്കളായിരുന്നു.
പോരാട്ടം
മാളിക്ക് ശബരിമലയാണ് പശ്ചാത്തലം. ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടമാണ് പൊറാട്ട്. ഏകാംഗ നാടകങ്ങളായ ലൂപ്, ഉണ്ണിയപ്പം, സമസ്യാപൂരം, ഗോൾ എന്നിവയെല്ലാം സാമൂഹിക ഇടപെടൽ തന്നെ. നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ, സൗത്ത് ഇന്ത്യൻ പീപ്പിൾസ് തിയറ്റർ എന്നിവിടങ്ങളിലെല്ലാം പഞ്ചമി തിയറ്റേഴ്‌സ് നാടകം കളിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |