SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

ആശ്രമം ജംഗ്ഷനിൽ അവസാനിക്കാതെ ദുരന്തങ്ങൾ

fire
ദേശീയപാതയില്‍ പോട്ടയില്‍ അപകടത്തില്‍പ്പെട്ട മിനി ലോറിക്ക് തീപിടിച്ചപ്പോള്‍

അടിപ്പാത നിർമ്മാണം വൈകുന്നു

ചാലക്കുടി: ഇന്നലെ അപകടത്തെത്തുടർന്ന് യുവാവിന് ദാരുണാന്ത്യം സംഭവിച്ചതോടെ ദുരന്തങ്ങളുടെ കേന്ദ്രമായി പോട്ട ആശ്രമം ജംഗ്ഷൻ. എട്ടുമാസം മുമ്പ് വി.ആർ.പുരത്ത് തന്നെയുള്ള ജീസൺ എന്ന യുവാവിനും ഇവിടെ വച്ച് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഭാര്യയെ പിന്നിലിരുത്തി ബൈക്കിൽ ദേശീയപാത മുറിച്ച് കടന്ന യുവാവിനെ ചീറിപ്പാഞ്ഞു വന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സിഗ്‌നലിൽ പച്ച ലൈറ്റ് തെളിയുന്നതിന് മുമ്പ് മുന്നോട്ടെടുക്കുകയോ ചുവപ്പ് ലൈറ്റ് വീണിട്ടും കടന്നു പോകാൻ ശ്രമിക്കുകയോ ചെയ്ത വാഹനങ്ങളാണ് അപകടത്തിന് ഇരയാകുന്നത്. അടിപ്പാത നിർമ്മാണത്തിന് അനുമതി ലഭിച്ച സ്ഥലമാണ് പോട്ട ആശ്രമം ജംഗ്ഷൻ. എന്നാൽ എല്ലാ അടിപ്പാതകളും ഒന്നിച്ച് നിർമ്മാണം നടന്നാൽ സംഭവിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നിർമ്മാണം നീണ്ടു പോകുന്നത്. രാവിലെയാണ് അപകടങ്ങൾ കൂടുതലും സംഭിക്കുന്നത്. റോഡിന്റെ മറുഭാഗത്തെ തൃശൂർ - അങ്കമാലി റൂട്ടിലും ഇതിനകം നടന്ന അപകടങ്ങൾ നിരവധിയാണ്. അടിപ്പാത നിർമ്മാണം യാഥാർത്ഥ്യമായാൽ ഒരു പരിധിവരെ അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ സാധിക്കും.

നാടിനെ നടുക്കി ദുരന്തം


പോട്ട ജംഗ്ഷനിലെ അപകടം നാടിനെ ഒന്നാകെ നടുക്കിയ ദുരന്തമായി. റോഡിന് കുറുകെ കടന്നു പോകാൻ ശ്രമിച്ച ഒരാൾ ചീറിപ്പാഞ്ഞു വന്ന മിനി ലോറിയുടെ അടിയിൽ അകപ്പെടുകയായിരുന്നു. ജീവൻ രക്ഷിക്കാനായില്ലെങ്കിലും സാഹസികമായ ഇടപെടലിലൂടെ തീപിടിക്കുന്നതിന് മുൻപ് ലോറിക്കടയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്ന് പുറത്തെടുക്കാനായി. അപകടത്തെത്തുടർന്ന് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ തീപിടുത്തമുണ്ടായി. കത്താൻ തുടങ്ങിയ ലോറിയിൽ നിന്നും കറുത്ത നിറത്തിൽ പദാർത്ഥം റോഡിലേയ്ക്ക് ഒഴുകിയത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവർമാരടക്കം കുടുങ്ങി കിടക്കുന്ന യുവാവിനെ പുറത്തെടുക്കുകയായിരുന്നു.


യോഗം ചേരും

അപകടങ്ങൾ കുറയ്ക്കുന്നതിന് ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകുമെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. ഇതിന്റെ കൂടിയാലോചനകൾക്ക് വെള്ളിയാഴ്ച എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിട്ടുണ്ട്. പൊലീസ്്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL