SignIn
Kerala Kaumudi Online
Friday, 23 October 2026 2.26 PM IST

വേനൽ മഴയിൽ വ്യാപക നെൽകൃഷി നാശം,​ കർഷകർക്ക് കണ്ണീർമഴ

photo

തൃശൂർ: കടുത്ത ചൂടിന് ആശ്വാസമായി കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ ജില്ലയിൽ വ്യാപക നെൽകൃഷി നാശം.
കൊയ്ത്തിന് പാകമായ നെൽച്ചെടികൾ നശിച്ചു. കൊയ്ത്തിന് ശേഷം കൂട്ടിയിട്ട നെല്ല് മഴയിൽ നനഞ്ഞ് കുതിർന്നു. വരും ദിവസങ്ങളിലും മഴ ശക്തമായാൽ പാടശേഖരങ്ങളിൽ കർഷകർക്ക് കോടികളുടെ നഷ്ടം സംഭവിക്കും. ചേർപ്പ് ജൂബിലി പടവ്, ആലപ്പാട്, പുള്ള്, മനക്കൊടി, അടാട്ട് പാടശേഖരങ്ങളിലാണ് കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്. പല കോൾപ്പടവുകളിലും കൊയ്ത്ത് നടന്നു വരികയാണ്. പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് കർഷകരും പാടശേഖര സമിതികളും സ്ഥലത്തെത്തി ടർപോളിൻ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. മഴ ശക്തമായാൽ ഇതെല്ലാം വെള്ളത്തിലാകും. 2500 ഓളം ടൺ കൊയ്‌തെടുത്ത നെല്ല് പാടത്താണ്. അന്തിക്കാട് കോൾ പടവിൽ കഴിഞ്ഞ ദിവസമാണ് കൊയ്ത്ത് ആരംഭിച്ചത്. അരിമ്പൂർ ചാലാടി കോൾപടവിൽ ഇനിയും ഇരുപതോളം ലോഡ് നെല്ല് കയറ്റി പോകാനുണ്ട്. 303 ഏക്കർ കൃഷിയുള്ള വിളക്കുംകാൽ, നൂറോളം ഏക്കറുള്ള തോട്ടുപുര കോൾപടവുകളിലും ഇന്ന് കൊയ്ത്ത് ആരംഭിക്കാനിരിക്കെയാണ് വേനൽ മഴ പെയ്തത്.


പത്ത് ഏക്കറോളം നെൽകൃഷി നാശത്തിൽ

അടാട്ട് ഒമ്പത് മുറി കോൾപ്പടവിൽ 84 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയതിൽ പത്തേക്കറോളം സ്ഥലത്ത് കൃഷി നാശത്തിന്റെ വക്കിലാണ്. 15 ദിവസം കഴിഞ്ഞാൽ കൊയ്‌തെടുക്കാനുള്ള നെൽച്ചെടികൾ മഴയിൽ വീണു. ഇവ കൊയ്‌തെടുത്താലും വൈക്കോൽ ലഭിക്കാത്തതും കർഷകർക്ക് നഷ്ടമാണ്. നേരത്തെ വിതച്ച വിത്ത് മുളക്കാത്തത് മൂലം വീണ്ടും വിതച്ച വിത്താണ്. ഇതിലൂടെ 15 ദിവസത്തെ ഇടവേള വന്നതും കർഷകർക്ക് തിരിച്ചടിയായി.


രോഗത്തിനും സാദ്ധ്യത

മഴയിൽ നെൽച്ചെടികൾ വീണതോടെ രോഗഭീഷണിയും ഉയരുന്നുണ്ട്. നനഞ്ഞ നെല്ലിൽ ഈർപ്പം കെട്ടിനിൽക്കുന്നതിലാൽ കാളിച്ച, വട്ടക്കേട് എന്നീ രോഗങ്ങൾ വരാൻ സാദ്ധ്യത ഉണ്ടെന്നും കർഷകർ പറയുന്നു.

ഇനിയും മഴ തുടർന്നാൽ കർഷകരുടെ എല്ലാ പ്രതീക്ഷകളും തകിടം മറിയും. മെഷീൻ തന്നെ ഇറക്കാൻ സാധിക്കാത്ത സ്ഥിതിയാകും.
കുമാരൻ ( ഒമ്പതുമുറി കോൾപടവ് സെക്രട്ടറി)

ജില്ലയിൽ കോൾ പടവുകളിൽ കൊയ്ത്ത് സജീവമായിരിക്കുന്നതും ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊയ്ത്ത് ആരംഭിക്കുന്നതുമായ ഏറെ പടവുകളുണ്ട്. പല പടശേഖരങ്ങളിലും കൊയ്‌തെടുത്ത നെല്ല് കെട്ടികിടക്കുന്നുണ്ട്. വലിയ ആശങ്കയിലാണ് കർഷകർ.

കെ.കെ.കൊച്ചു മുഹമ്മദ് (കോൾ കർഷക സംഘം സെക്രട്ടറി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL