SignIn
Kerala Kaumudi Online
Friday, 23 October 2026 9.17 AM IST

പൊലിമയോടെ പൂരത്തിന് ഒരുക്കം വെടിക്കെട്ടിലെ അനിശ്ചിതത്വം നീക്കും

pooram

തൃശൂർ : പൂരം കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കങ്ങൾ നല്ല രീതിയിൽ ജില്ലാ ഭരണകൂടവും കോർപ്പറേഷനും പൊലീസും ബന്ധപ്പെട്ട വകുപ്പും നടത്തും. കുടമാറ്റം ഉൾപ്പെടെയുള്ള പൂരവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും സമയബന്ധിതമായി ആസൂത്രണം ചെയ്യാൻ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ച യോഗം തീരുമാനിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, ഡോ. ആർ.ബിന്ദു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. നടത്തിപ്പിന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കും. എല്ലാ സ്ഥലങ്ങളിലും സി.സി ടിവി ക്യാമറ സ്ഥാപിക്കും. മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ദേവസ്വം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വെടിക്കെട്ട് അനിശ്ചിതത്വം നീക്കും

വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നുള്ള അനിശ്ചിതത്വം ഇല്ലാതാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് ഓർഗനൈസേഷൻ (പെസൊ) പ്രതിനിധികൾ എന്നിവർ യോഗം ചേർന്ന് പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കും. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലും പെസോ പ്രതിനിധിയുടെ അഭിപ്രായ പ്രകാരവും ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

വെടിക്കെട്ടിൽ പ്രതികരിക്കാതെ കേന്ദ്രമന്ത്രി

വെടിക്കെട്ട് വിഷയത്തിൽ യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. നേരത്തെ വെടിക്കെട്ടിന് തടസം നേരിടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ അഭിപ്രായ പ്രകടനം നടത്തിയില്ല.

കെട്ടിടങ്ങൾ പരിശോധിക്കും

പൂരപ്പറമ്പിനടുത്തും ചുറ്റിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കും. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാനെത്തുന്നവരുടെ സുരക്ഷയെ കരുതിയാണിത്. പൂരാസ്വാദകർക്ക് വൈദ്യസഹായം ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂം ഉണ്ടായിരിക്കും.

സുരക്ഷയൊരുക്കും

രാത്രി പൂരത്തിന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒരു കുറവും വരുത്താത്ത രീതിയിൽ സംവിധാനം ഒരുക്കും. അതോടൊപ്പം സുരക്ഷയെ മുൻനിറുത്തി വെടിക്കെട്ടിന് മുന്നോടിയായി ആളുകളെ നിയന്ത്രിക്കാനാണ് മുൻഗണന

രാജൻ
മന്ത്രി

ജനപ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടാകും

കഴിഞ്ഞ പൂരത്തിന് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് പൂരം നടത്തിപ്പിന്റെ ഭാഗമാകാൻ പരിമിതികളുണ്ടായിരുന്നു. ജനപ്രതിനിധികളുടെ സാന്നിദ്ധ്യം പ്രശ്‌നാവസരങ്ങളിൽ വേഗത്തിൽ സമവായമുണ്ടാക്കാൻ സഹായകമാകും. മറ്റ് ജനപ്രതിനിധികളുടെയും സാന്നിദ്ധ്യം ജില്ലയിൽ ഉണ്ടാകും.

ഡോ.ആർ.ബിന്ദു
മന്ത്രി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL