
വടക്കാഞ്ചേരി: പണം നൽകാമെന്ന് പറഞ്ഞ സർക്കാർ പറ്റിച്ചതോടെ വിരുപ്പാക്ക സ്പിന്നിംഗ് മില്ലിന്റെ ഉയർത്തെഴുന്നേൽപ്പിനുള്ള സാദ്ധ്യതയ്ക്ക് മങ്ങൽ. ഇതോടെ ചെയർമാനും രാജിവച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ചെയർമാനായിരുന്ന കെ.വി.സദാനന്ദൻ ഇന്നലെ ബന്ധപ്പെട്ടവർക്ക് രാജിക്കത്ത് കൈമാറി. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ആറ് കോടിയിലേറെ രൂപ പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും നൽകിയില്ലെന്ന് കെ.വി.സദാനന്ദൻ രാജിക്കാര്യം പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രം അനുവദിച്ച 29 കോടി കൊണ്ട് എട്ട് ആധുനിക മെഷീനുകൾ സ്ഥാപിച്ച് അതിൽ ആറെണ്ണം പ്രവർത്തിപ്പിച്ച് തുടങ്ങിയിരുന്നു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2023 ഫെബ്രുവരിയിൽ അടച്ചുപൂട്ടി. പിന്നീട് കമ്പനിയുടെ താഴ് തുറന്നിട്ടില്ല. കമ്പനി അടയ്ക്കുമ്പോൾ വഴിയാധാരമായത് 180 ഓളം തൊഴിലാളികളാണ്.
ചെയർമാന് ലഭിക്കാനുള്ളത് 88 ലക്ഷം
കമ്പനിയുടെ സുഗമമായ നടത്തിപ്പിന് സ്ഥാനമേറ്റെടുത്ത സമയത്ത് ഒരു കോടി രൂപ സ്വന്തം ഉത്തരവാദിത്വത്തിൽ മില്ലിന് നൽകിയെങ്കിലും തിരിച്ചുകിട്ടിയത് 12 ലക്ഷം മാത്രം. അതിനുശേഷം സർക്കാർ 2023ൽ ഓണത്തിന് ബോണസ് നൽകുമെന്ന് പ്രഖ്യാപിച്ചു. പണം ലഭിക്കാതെ വന്നപ്പോൾ പതിനെട്ടര ലക്ഷം കൈയിൽ നിന്നെടുത്ത് വിതരണം ചെയ്തു. ഈ തുകയും ലഭിച്ചില്ല. പിന്നീട് കമ്പനിയിലെ പഴയ യന്ത്രം വിറ്റ വകയിൽ ലഭിച്ച 20 ലക്ഷത്തിൽ നിന്നെടുത്തു.
എം.എൽ.എ മുതൽ മുഖ്യമന്ത്രി വരെ
എം.എൽ.എ മുതൽ മുഖ്യമന്ത്രി വരെയുള്ളവരെ മിൽ തുറക്കാനുള്ള നടപടിക്കായി നിരവധി തവണ ബന്ധപ്പെട്ടു. തൃശൂരിൽ നവകേരള സദസ് എത്തിയപ്പോൾ തൊഴിലാളികളുമൊന്നിച്ച് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചു. ധനമന്ത്രി എന്താണ് പറഞ്ഞെതെന്ന് ചോദിച്ചു. സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞപ്പോൾ അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്ന് കോടി കിട്ടിയാൽ തുറക്കാം
വൈദ്യുതി കുടിശിക സർക്കാർ എഴുതിത്തള്ളിയ പശ്ചാത്തലത്തിൽ മൂന്ന് കോടി രൂപ ലഭിച്ചാൽ മിൽ തുറക്കാനാകും. ഹൈക്കോടതിയിലെ കേസും പിൻവലിപ്പിക്കാം. 5 കാഡിംഗ് മെഷീനും മിക്‌സർ മെഷീനുമൊക്കെ ഓട്ടോമാറ്റിക്കാണ്. വൈൻഡിംഗ് ഡിപ്പാർട്ട്‌മെന്റിൽ 5 കോടി മുടക്കി വാങ്ങിയ 2 ഓട്ടോ കോൺ മെഷീനും മൂടിക്കെട്ടി വച്ചിരിക്കുകയാണ്.
ചെയർമാൻ സ്ഥാനമേറ്റെടുത്ത ശേഷം കമ്പനിയിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല. വാഹനം പോലും സ്വന്തമാണ് ഉപയോഗിച്ചിരുന്നത്.
കെ.വി.സദാനന്ദൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |