SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

നമ്പർ വണ്ണാകണോ..? കെട്ടിടം മാത്രം പോരാ... ഡോക്ടറും വേണം

med-clg

തൃശൂർ: നമ്പർ വൺ ആകണമെങ്കിൽ കെട്ടിടം മാത്രം പോരാ...ഡോക്ടർമാരും വേണം. മുളംങ്കുന്നത്ത്‌കാവ് മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. വൈകിട്ട് ഹൃദയസംബന്ധമായ അടിയന്തര ചികിത്സ തേടിയെത്തുന്നവർക്ക് ജീവൻ തിരിച്ചു കിട്ടണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്ന് നൂറുക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന മെഡിക്കൽ കോളേജിലാണ് ഈ ദുരവസ്ഥ.
നിലവിൽ വകുപ്പു മേധാവിയടക്കം നാലു പേരാണുള്ളത്. ഇതിന് പുറമേ പി.ജി വിദ്യാർത്ഥികളും. എന്നാൽ രാത്രികാലങ്ങളിൽ പി.ജി വിദ്യാർത്ഥികൾ ഉണ്ടാകുമെങ്കിലും ആൻജിയോഗ്രാം ഉൾപ്പടെയുള്ള ചികിത്സകൾ സിനീയർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ചെയ്യാനാകൂ. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെങ്കിൽ ഡോക്ടർമാരുടെ എണ്ണത്തിന് പുറമേ നഴ്‌സ്, അറ്റൻഡർ, ടെക്‌നീഷ്യൻസ് എന്നിവർ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലേറെ വേണം. നിലവിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തനത്തിനുള്ള എണ്ണം മാത്രമാണുള്ളത്.


ആയിരത്തോളം പേർ ഒ.പിയിൽ

മെഡിക്കൽ കോളേജിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആയിരത്തോളം പേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തുന്നത്. വർഷത്തിൽ നാൽപതിനായിരത്തോളം പേരാണ് ചികിത്സ തേടുന്നത്. ഇതിന് പുറേമേ മറ്റ് വകുപ്പുകളിൽ നിന്ന് കൺസൾട്ടേഷനായി മാത്രം ഒരു വർഷം പതിനായിരത്തോളം കാർഡിയോളജി വിഭാഗത്തിൽ എത്തുന്നുണ്ട്.


ചികിത്സാ സംവിധാനങ്ങളേറെ

കാർഡിയോളജി വിഭാഗത്തിൽ നൂതനമായ ചികിത്സാ രീതികളാണുള്ളത്. പ്രായക്കൂടുതലുള്ള രോഗികൾക്കും ധമനികളിൽ കാൽസ്യം അടിഞ്ഞുകൂടി പാറക്കല്ല് പോലെ ഉറച്ചിരിക്കുന്ന അവസ്ഥയുള്ള രോഗികൾക്കും ആൻജിയോപ്ലാസ്റ്റി പൂർണമായും ഫലവത്താവാത്ത സ്ഥിതിയുണ്ട്. പ്രായം കൂടുതൽ ഉള്ളവർക്ക് ബൈപാസ് സർജറി വളരെ ബുദ്ധിമുട്ടുള്ളതാണ്. സ്‌റ്റെഡ് ഇടുന്നതിനു മുൻപ് കാൽസ്യം പൊട്ടിച്ച് രക്തധമനി സജ്ജമാക്കണം. ഇതിന് റോട്ടബ്ലേഷൻ ഉൾപ്പെടെയുള്ള ചികിത്സാരീതികളാണ് പിന്തുടരുന്നത്. പ്രായക്കൂടുതൽ മൂലം കാർഡിയാക് ബൈപാസ് സർജറി ചെയ്യാൻ പറ്റാത്തവർക്ക് വളരെ ഗുണകരമാണിത്. തലച്ചോറിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റൽ, കൈകാലുകളിലെ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റൽ, ഹൃദയത്തിലെ ദ്വാരം സർജറി കൂടാതെ ട്യൂബ് കടത്തി അടയ്ക്കുക, വാൽവ് ചുരുങ്ങിയാൽ ബലൂൺ കടത്തി വികസിപ്പിക്കുക, ഹൃദയത്തിന്റെ സ്പീഡ് കുറയുമ്പോൾ ചെയ്യുന്ന പേസ്‌മേക്കർ, ഹൃദയതാളം തെറ്റിയാൽ ഹൃദയത്തിനകത്തു നിന്ന് ഷോക്ക് കൊടുത്തു ശരിയാക്കുന്ന ഐ.സി.ഡി തുടങ്ങിയ ചികിത്സകളും ചെയ്തുവരുന്നു.


കാർഡിയോളജി വിഭാഗത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ കൂടുതൽ ഡോക്ടർമാരുടെ ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് ആവശ്യം നേരത്തെ ഉന്നയിച്ചിട്ടുള്ളതാണ്.

ഡോ. അശോകൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL