
വടക്കാഞ്ചേരി: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി നൽകുന്ന അരിയിൽ സപ്ലെെകോ അധികൃതർ തട്ടിപ്പ് നടത്തിയതായി ആരോപണം. സപ്ലെെകോയുടെ കരുതക്കാടുള്ള ഡിപ്പോയിൽ നിന്ന് വിതരണം ചെയ്യുന്ന അരിയിൽ തൂക്കം വെട്ടിച്ച് മാർച്ച് മാസത്തിലെ സ്‌റ്റോക്കെടുപ്പിന് മുമ്പായി 2 ലോഡ് അരി മറിച്ചുവിറ്റതായി ആരോപിച്ച് വടക്കാഞ്ചേരി നഗരത്തിലും സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന്റെ കരുതക്കാടുള്ള വെയർഹൗസിന് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോലും കെെയിട്ട് വാരുന്ന ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. സമഗ്ര അന്വേഷണം നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ ആവശ്യപ്പെട്ടു.
അരി വിതരണം ചാക്കുകൾ എണ്ണി
ചാക്കുകളായി എണ്ണി സ്‌കൂളുകൾക്ക് ഉച്ചഭക്ഷണത്തിന് നൽകുന്ന അരി സ്‌കൂൾ അധികൃതർ സപ്ലൈകോ ഡിപ്പോയിൽ നിന്ന് നേരിട്ട് ശേഖരിക്കുകയാണ് ചെയ്യുന്നത്. ഒരു ചാക്ക് അരി അമ്പത് കിലോ തൂക്കം ഉണ്ടെന്ന നിഗമനത്തിലാണ് നൽകുന്നത്. എന്നാൽ, പല ചാക്കുകളിലും പല തൂക്കമാണ് അരിക്ക്. 45 കിലോ മുതൽ 50 കിലോ വരെ തൂക്കമുള്ള ചാക്കുകൾ ഉണ്ട്. കംപ്യൂട്ടറിൽ എല്ലാ ചാക്കുകളും 50 കിലോ തൂക്കമാണ് രേഖപ്പെടുത്തുക. വാർഷിക സ്റ്റോക്കെടുപ്പ് സമയത്താണ് തട്ടിപ്പ് നടക്കുന്നത്. സ്‌റ്റോക്കെടുപ്പിന് മുമ്പ് ഡിപ്പോ അധികൃതർ അരി തിട്ടപ്പെടുത്തും. കംപ്യൂട്ടറിലും സ്റ്റോക്കിലും ഒരേ അളവ് ക്രമീകരിക്കും. വർഷത്തിൽ രണ്ട് ലോഡ് അരിയോളം തട്ടിപ്പിലൂടെ ഉദ്യോഗസ്ഥർക്ക് ലഭിക്കും. ഈ വർഷം രണ്ട് ലോഡി ലധികം അരി തൃശൂരിലെ ഒരു ഏജൻസിക്ക് മറിച്ചു വിറ്റതായി ഒരു വിഭാഗം സപ്ലെെകോ ജീവനക്കാർ തന്നെ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |