
കൊരട്ടി: പുലി ഭീതി നിലനിൽക്കുന്ന കൊരട്ടിയിലെ ചിറങ്ങര, മംഗലശേരി പ്രദേശങ്ങളിൽ വനപാലകർ ഡ്രോൺ പറത്തി പരിശോധന നടത്തി. മാർച്ച് 14ന് ആദ്യമായി പുലിയെ കണ്ടതായി പറയുന്ന ഭാഗത്ത് നിന്നാണ് പരിശോധനയ്ക്കു തുടക്കമിട്ടത്. എന്നാൽ, പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. അതിരപ്പിള്ളി റെയ്ഞ്ച് ഓഫീസർ ജീഷ്മ ജനാർദ്ദനന്റെ നേതൃത്വത്തിൽ നടത്തിയ ആകാശത്തെരച്ചിൽ രണ്ട് മണിക്കൂർ നീണ്ടു. എങ്കിലും വ്യാഴാഴ്ച കൂട് സ്ഥാപിക്കാൻ തീരുമാനിച്ചതായി വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മി പറഞ്ഞു.
കോതമംഗലത്ത് നിന്നും കനംകുറഞ്ഞ കൂടാണ് ചിറങ്ങരയിൽ കൊണ്ടുവരുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് സ്‌റ്റേഷനിൽ കിടക്കുന്ന കൂടും അറ്റകുറ്റപ്പണി തീർത്ത് ഉടനെ ഇവിടെയെത്തിക്കും. കഴിഞ്ഞ ദിവസം സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല.
വ്യാജ വാർത്തകൾ വ്യാപകം
വ്യാജവാർത്തകൾ വ്യാപകമായതോടെ പുലി ഭീതിയിലാണ് ചിറങ്ങര പ്രദേശം. ചൊവ്വാഴ്ച രാത്രിയും പുലിയെ കണ്ടെന്ന പ്രചാരണമുണ്ടായി. വഴിച്ചാൽ പാടത്തെ തോട്ടിൽ മത്സ്യം പിടിക്കാൻ പോയ ഒരാളാണ് പുലിയെ കണ്ട് ഭയന്നോടിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി. എന്നാൽ, പിന്നീട് ഇതിൽ കഴമ്പില്ലെന്ന് വ്യക്തമായി. വഴിച്ചാൽ കവലയിൽ രണ്ടു ദിവസം മുമ്പ് രാത്രി ഒരു വീട്ടിലെ സി.സി ടിവി ക്യാമറയിലും പുലിയെ കണ്ടെന്ന് വാർത്ത പ്രചരിച്ചിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ നായകളുടെ കടിപിടിയാണ് ദൃശ്യങ്ങളിൽ കണ്ടത്. വന്യമൃഗങ്ങളുടെ പേരിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാഴച്ചാൽ ഡി.എഫ്.ഒ കൊരട്ടി പൊലീസിനോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |