
ആമ്പല്ലൂർ: നാഷണൽ ടെക്സ്‌റ്റെെൽസ് കോർപ്പറേഷനു കീഴിൽ പ്രവർത്തിച്ചിരുന്ന അളഗപ്പ ടെക്സ്‌റ്റെെൽസ് അടച്ച് പൂട്ടിയിട്ട് അഞ്ച് വർഷം. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ഡൗൺ ആയതോടെയാണ് മാർച്ച് 23ന് മില്ല് അടച്ചത്. മില്ല് അടച്ചുപൂട്ടുമ്പോൾ 300 ഓളം സ്ഥിരം ജീവനക്കാരും ഇരുന്നുറോളം താത്കാലിക ജിവനക്കാരും സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. താത്കാലിക ജീവനക്കാരിൽ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായിരുന്നു. സ്ഥിരം ജീവനക്കാർക്ക് കഴിഞ്ഞ ഒക്ടോബർ മാസം വരെ ശമ്പളം ലഭിച്ചിരുന്നു. എറെ കാലം മുടങ്ങിയ ശമ്പളം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് ലഭിച്ചത്. കമ്പനി അടച്ചുപൂട്ടുമ്പോൾ സ്ഥാപനത്തിൽ ഉണ്ടായിരുന്ന നൂൽ കയറ്റി പോയിരുന്നു. നൂൽ ഉല്പാദനത്തിന് കൊണ്ടുവന്ന പഞ്ഞിയും യന്ത്രങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡിന് ശേഷം മിൽ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം ഉൾപ്പെടെ നടത്തിയെങ്കിലും തൊഴിലാളികൾ തന്നെ സമരത്തിന് വരാതായി.
നാഷണൽ ടെക്സ്‌റ്റെെൽസ് കോർപ്പറേഷൻ രുപീകരിക്കുമ്പോൾ നൂറോളം മില്ലുകളാണ് രാജ്യത്ത് കോർപ്പറേഷനു കീഴിൽ ഉണ്ടായിരുന്നത്. കോവിഡിന്റെ പേരിൽ അടച്ച് പൂട്ടുമ്പോൾ ശേഷിച്ചത് 23 മില്ലുകൾ മാത്രമാണ്. സ്ഥലം എം.പിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായപ്പോൾ ജീവനക്കാർക്ക് എറെ പ്രതീക്ഷയായിരുന്നു.
പ്രകടനവും ധർണയുമായി സംയുക്ത ട്രേഡ് യൂണിയനുകൾ
ആമ്പല്ലൂർ : അളഗപ്പ ടെക്സ്‌റ്റെെൽസ് അടച്ചുപൂട്ടിയിട്ട് അഞ്ച് വർഷമായിട്ടും മില്ല് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ആന്റോ ഇല്ലിക്കൽ, എം.തുളസിദാസൻ എന്നിവർ പ്രസംഗിച്ചു. കെ.ഡി.ഷാജി, സുനിത, മുരളി, പ്രീതി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |