
തൃശൂർ: തൊഴിൽ അവസരങ്ങളുടെ വലിയ ജാലകമാകാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്തും കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും കൈകോർക്കുന്ന വിജ്ഞാൻ തൃശൂർ. ഏപ്രിൽ 26ന് നടക്കുന്ന തൃശൂർ തൊഴിൽ പൂരം മെഗാ ജോബ് എക്സ്പോയിൽ കാൽ ലക്ഷത്തിലേറെ ഉദ്യോഗാർത്ഥികൾ പങ്കെടുക്കുമെന്നും പതിനായിരത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നും വിജ്ഞാന കേരളം ജനകീയ കാമ്പയിൻ അഡ്വൈസർ ഡോ. ടി.എം.തോമസ് ഐസക് വിശദീകരിച്ചു.
തൃശൂർ എൻജിനീയറിംഗ് കോളേജ്, വിമല കോളേജ്, കേന്ദ്രീയ വിദ്യാലയ ക്യാമ്പസുകളിലായാണ് തൊഴിൽ പൂരം നടക്കുന്നത്.
22ന് ഡിപ്ലോമക്കാർക്കായി നടന്ന ഓൺലൈൻ ജോബ് ഡ്രൈവിൽ 730 പേർ പങ്കെടുത്തെന്നും 475 പേർക്ക് തൊഴിൽ ലഭിച്ചെന്നും 183 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ അഭിമുഖങ്ങളുണ്ടാകും. 90 ശതമാനം പേർക്ക് ജോലി ലഭിക്കുകയോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയോ ചെയ്യുന്നത് അപൂർവമാണെന്നും തോമസ് ഐസക് പറഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി രജിസ്ട്രേഷനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർത്താമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറഞ്ഞു. വാർത്താ മ്മേളനത്തിൽ കോർപറേഷൻ ഡെപ്യുട്ടി മേയർ എം.എൽ. റോസിയും പങ്കെടുത്തു.
24 ജോബ് സ്റ്റേഷനുകൾ
മുഴുവൻ സമയ ഉദ്യോഗസ്ഥരുള്ള 24 ജോബ് സ്റ്റേഷനുകൾ ജില്ലയിൽ ഒരുക്കി. വിവിധ ബ്ലോക്ക് ഓഫീസുകളിലും നഗരസഭകളിലുമായാണ് പ്രവർത്തനം. എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി അംബാസഡർമാരുടെ നേതൃത്വത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളുമുണ്ട്. പ്രവർത്തനം ഏകോപിപ്പിക്കുന്നത് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റാണ്.
തൊഴിൽ പൂരം
ദേശീയ അന്തർദേശീയ കമ്പനികളിലെ 200ലേറെ തൊഴിലിനങ്ങളിൽ മൂന്ന് ലക്ഷം അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. പ്രാദേശിക തൊഴിൽ സ്ഥാപനങ്ങളിലെ പതിനായിരത്തോളം അവസരങ്ങളുമുണ്ടാകും. ജോബ് സെന്ററുകളിൽ നിന്ന് വിശദാംശങ്ങൾ അറിയാം. കമ്പനികൾക്കും സംരംഭകർക്കും മികച്ച തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള അവസരം കൂടിയാണ് തൊഴിൽ പൂരം.
കോളേജ് വിദ്യാർത്ഥികൾക്കും
വിജ്ഞാൻ തൃശൂരിന്റെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയും ആഗസ്റ്റ് മുതൽ നൈപുണി പരിശീലനം ഒരുക്കും. ഓരോ പിരീയഡുകളിൽ നിന്നും പത്തുമിനിറ്റ് വീതം കുറച്ച് കിട്ടുന്ന സമയത്ത് 50,000ത്തോളം വരുന്ന പ്രൊഫഷണൽ മെന്റർമാരുടെ സേവനം ഉപയോഗിച്ചാകും പരിശീലനം. അഞ്ചുലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതി ഉപകരിക്കും.
മാർച്ച് 29 ബിരുദക്കാർക്ക്
ഏപ്രിൽ 5 നഴ്സിംഗ് പാരാമെഡിക്കൽ
ഏപ്രിൽ 12 സാങ്കേതിക ബിരുദധാരികൾക്ക്
ഏപ്രിൽ 26 തൊഴിൽപൂരം
രജിസ്ട്രേഷൻ
ജോബ് സ്റ്റേഷനിലെത്തി ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ തൊഴിൽ നേടാം. അല്ലെങ്കിൽ വെബ്സൈറ്റ് വഴിയും പ്ലേ സ്റ്റോറിൽ ഡി.ഡബ്ലിയു.എം.എസ് അപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: http://knowledgemission.kerala.gov.in/
തോമസ് ഐസക് പറയുന്നതിങ്ങനെ..
ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും പല വനിതകൾക്കും തൊഴിൽ കണ്ടെത്താൻ കഴിയാറില്ല. വിജ്ഞാൻ തൃശൂർ വഴി തൊഴിൽ കണ്ടെത്താൻ എളുപ്പമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |