
തൃശൂർ: അക്രമ സംഭവങ്ങൾ ഒഴിവാക്കാനെടുത്ത മുൻകരുതലുകൾ ആശ്വാസമായി, അനിഷ്ട സംഭവങ്ങളില്ലാതെ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ വീട്ടിലെത്തിയ ആശ്വാസത്തിൽ അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പും. എന്നാൽ കൂട്ടുകാരുടെ ഒപ്പം ഒത്തുകൂടി വിടപറയാൻ കഴിയാത്ത ദുഃഖത്തിലാണ് കുട്ടികളുടെ മടക്കം. ലഹരിക്കടിമകളാകുന്ന വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നെന്ന റിപ്പോർട്ടും അക്രമങ്ങളിൽ ഉൾപ്പെടുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ടും കണക്കിലെടുത്താണ് പരീക്ഷയുടെ അവസാന ദിവസം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കുട്ടികൾക്കിടയിലെ ആഹ്ലാദ പ്രകടനം അതിരുവിടാതിരിക്കാൻ പ്രത്യേക നിരീക്ഷണമൊരുക്കാൻ വിദ്യാഭ്യാസ ഓഫീസറും നിർദ്ദേശിച്ചിരുന്നു. ചില സ്‌കൂളുകളിലെ കുട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി അവസാന ദിവസം പ്രതികാരം തീർക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ അഞ്ച് സ്‌കൂളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികളെ കൊണ്ടുപോകാൻ രക്ഷിതാക്കളെത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തി.
മറ്റ് സ്ഥലങ്ങളിൽ ഒത്തുകൂടി വിദ്യാർത്ഥികൾ
സ്‌കൂളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഒത്തുകൂടാൻ മറ്റ് സ്ഥലങ്ങൾ തേടി വിദ്യാർഥികൾ. പരീക്ഷയെഴുതി കഴിഞ്ഞ് സ്‌കൂളുകളിൽ നിന്ന് മടങ്ങിയെങ്കിലും നേരത്തെ പദ്ധതിയിട്ട കുട്ടികൾ നഗരത്തിലെ മാളുകളിലും മൈതാനങ്ങളിലും ഒത്തുകൂടിയാണ് മടങ്ങിയത്. പ്ലസ്ടു കഴിഞ്ഞവരും എസ്.എസ്.എൽ.സി പരീക്ഷയെഴുതിയവർക്കും ഇനി റിസൽറ്റിനായുള്ള കാത്തിരിപ്പാണ്. 36086 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്.
പ്രശ്‌നങ്ങളോ അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളോ ഒന്നുമില്ലാതെ പരീക്ഷ കഴിഞ്ഞ് കുട്ടികൾ വീടുകളിലെത്തിയതിൽ ആശ്വാസമുണ്ട്. മുൻകരുതലുകളിൽ എല്ലാ അദ്ധ്യാപകരും വിദ്യാർഥികളും സഹകരിച്ചതിൽ സന്തോഷം.
എ.കെ. അജിതകുമാരി
ജില്ലാ വിദ്യാഭ്യാസ ഓഫീസർ.
കൂട്ടുകാരുമൊത്ത് സ്‌കൂളിലിരുന്ന് കളിച്ചും ചിരിച്ചും കരഞ്ഞും മടങ്ങാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ആരെങ്കിലും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ എല്ലാ കുട്ടികളുടെയും സന്തോഷം കെടുത്തിയതിനോട് യോജിക്കുന്നില്ല.
വിദ്യാർഥികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |