SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

കിടിലം...

vedikkettu

തൃശൂർ: തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ കിടുകിടാ വിറപ്പിച്ച് പൂരം വെടിക്കെട്ട്. സാമ്പിളിന്റെ പൊരിച്ചിലിന്റെ ആവേശത്തിൽ പൂരം വെടിക്കെട്ട് കാണാനെത്തിയവർക്ക് മുന്നിൽ തിരുവമ്പാടിയും പാറമേക്കാവും തേക്കിൻകാട്ടിൽ സൃഷ്ടിച്ച ശബ്ദഘോഷം പൂരനഗരിക്ക് വിസ്മയമായി. ശബ്ദം കൊണ്ടും വർണം കൊണ്ടും ഇരുവിഭാഗവും വെടിക്കെട്ട് പ്രേമികളെ കെെയിലെടുത്തു. നിശ്ചയിച്ച സമയത്തിൽ നിന്നും ഒരു മണിക്കൂർ വൈകി ആരംഭിച്ച വെടിക്കെട്ടിന് തിരുവമ്പാടി ആദ്യം തിരികൊളുത്തി. ബിനി പരിസരത്ത് നിന്ന് ആരംഭിച്ച വെടിക്കെട്ടിന്റെ തുടക്കം ശബ്ദം കുറച്ച് വർണങ്ങൾക്ക് മുൻതൂക്കം നൽകിയായിരുന്നുവെങ്കിൽ പാതിവഴി പിന്നിട്ടതോടെ പൂരനഗരി കിടുങ്ങിത്തുടങ്ങി.

അവസാന റൗണ്ടിലെത്തിയപ്പോൾ രണ്ടും മൂന്നും കലാശങ്ങളാക്കി തിരുവമ്പാടി തട്ടകത്ത് ഉശിര് കാട്ടി. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് പാറമേക്കാവ് വിഭാഗം തങ്ങളുടെ ആകാശപ്പൂരത്തിന് തിരി കൊളുത്തിയത്. തുടക്കം മുതൽ ആഞ്ഞടിച്ച പാറമേക്കാവ് ഒരോ ഘട്ടവും പിന്നിട്ടത് പൂരനഗരിയെ നടുക്കിക്കൊണ്ടാണ്. കലാശത്തിൽ ഗുണ്ടുകളും കുഴിമിന്നികളും അമിട്ടുകളും കൊണ്ട് ശബ്ദഘോഷത്താൽ നഗരം വിറച്ചു. നിലയമിട്ടുകൾ തീർത്ത വർണ്ണവിസ്മയവും ഹൃദയംകവരുന്നതായി. തിരുവമ്പാടിക്ക് മുണ്ടത്തിക്കോട് സതീഷും പാറമേക്കാവിന് ബിനോയ് ജേക്കബുമാണ് വെടിക്കെട്ടൊരുക്കിയത്.


പകൽ വെടിക്കെട്ടും സൂപ്പർ

സാമ്പിളിൽ തുടങ്ങി പൂരം വെടിക്കെട്ട് കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് പകൽ പൂരത്തിനും പാറമേക്കാവും തിരുവമ്പാടിയും കാണികളെ ആവോളം ആവേശത്തിലാക്കി. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാണ് ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ കലാശക്കൊട്ടായി പകൽ വെടിക്കെട്ട് പൂരനഗരിയെ ഒരിക്കൽ കൂടി കിടിലം കൊള്ളിച്ചത്. തിരുവമ്പാടി തന്നെയാണ് പകൽ വെടിക്കെട്ടിന് തുടക്കമിട്ടത്. പിന്നാലെ പാറമേക്കാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL