
മെഡിക്കൽ കോളേജിൽ ഒരുമാസം എത്തുന്നത് ഇരുന്നൂറിലധികം പേർ
കേച്ചേരി: തെരുവുനായ്ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പിനായി തൃശൂർ
മെഡിക്കൽ കോളേജിൽ ഒരുമാസം എത്തുന്നത് ഇരുന്നൂറിലധികം പേർ. ദിനംപ്രതി പത്തിലധികം പേർ കമ്മ്യൂണിറ്റി മെഡിസിനിൽ എത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തെ കണക്ക് പ്രകാരം 2400 ഓളം പേർ തെരുവുനായ ആക്രമണത്തിൽ ചികിത്സ തേടി. കൂടാതെ വളർത്തു മൃഗങ്ങൾക്ക് നേരെയുള്ള ഇവയുടെ ആക്രമണവും കുറവില്ലെന്ന് വീട്ടുകാർ പറയുന്നു. കേച്ചേരി, കൈപ്പറമ്പ്, വേലൂർ, പറപ്പൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണ്. നിരവധി കർഷകരുടെ വളർത്തു മൃഗങ്ങളാണ് തെരുവുനായ ആക്രമണത്തിൽ ചത്തത്. ഇതോടെ പല കർഷകരും ആട്, കോഴി വളർത്തൽ നിറുത്തലാക്കി. അധികൃതർ ഉടൻ നടപടികൾ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കേച്ചേരിയിൽ മൂന്നുപേർക്ക് കടിയേറ്റു
കേച്ചേരി മണലി പാൽ സൊസെറ്റിയ്ക്ക് സമീപം കഴിഞ്ഞ ദിവസം തെരുവു നായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മണലി തെങ്ങ് സ്വദേശി വാചാട്ടുപറമ്പ് വീട്ടിൽ അക്ബർ മകൻ ഷാലിമാർ(44), മണലി സ്വദേശി തെക്കുപുറത്ത് വീട്ടിൽ ജലീൽ മകൻ ഷെഫീക്ക് (59),ഷെഫീക്കിന്റെ മകൻ യഹിയ(10) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിന് കുറുകെ ചാടിയും അപകടം
തെരുവുനായകൾ ഇരു ചക്രവാഹനങ്ങളുടെ കുറുകെ ചാടിയുള്ള അപകടങ്ങളും രൂക്ഷമാകുന്നു. കൂടുതലും രാത്രകാലങ്ങളിലാണ് ഇവയുടെ ആക്രമണം. തെരുവ് നായ ബൈക്കിന് കുറുകെ ചാടിയതിനെത്തുടർന്ന് പരിക്കേറ്റ് അമല ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി 5000 ത്തിലധികം പേർ ഒരു വർഷം ചികിത്സ തേടുന്നുണ്ട്.
കുത്തിവയ്പ്പുകൾ എടുക്കുവാൻ മാത്രമാണ് സാധിക്കുക. നവംബർ മാസത്തിൽ വാർഡുകളിൽ കുത്തിവയ്പ്പ് നടത്തി. വന്ധീകരണത്തിനുള്ള കുത്തിവയ്പ്പുകൾ ആദ്യകാലങ്ങളിൽ ചെയ്തിരുന്നുവെങ്കിലും പിന്നീട് നിറുത്തലാക്കി. തെരുവുനായകൾക്കായ് പ്രത്യേക ഷെൽട്ടർ ഒരുക്കാൻ സ്ഥലം ലഭ്യമായില്ല.
- രേഖ സുനിൽ
ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |