SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.49 AM IST

ഫ്രഞ്ച് ഓപ്പറയിൽ നിന്ന് കഥകളിയുടെ പച്ചയിലേക്ക്‌

photo-

ചെറുതുരുത്തി: നാടകങ്ങളുടെയും ഓപ്പറകളുടെയും ലോകത്ത് നിൽക്കുമ്പോഴും മുപ്പത്തിയാറുകാരൻ മൗനിർ കാസി, കഥകളിയുടെ പച്ചവേഷം കണ്ട് ഭ്രമിച്ചുവശായി. കേരളത്തിൽ നിന്ന് ഫ്രാൻസിലെത്തിയ കലാകാരന്മാരുടെ പ്രകടനം കണ്ട് മൗനിറിന് വിസ്മയമായി. തിയേറ്റർ കലാകാരനായ മൗനിർ കാസി പിന്നെ ഒന്നും നോക്കിയില്ല. കേന്ദ്ര സാംസ്കാരിക വകുപ്പിനോട് കാര്യം പറഞ്ഞു. കഥകളി പഠിക്കണം. കേന്ദ്ര സർക്കാറിന്റെ സ്‌കോളർഷിപ്പോടെ നിരവധി വിദ്യാർത്ഥികളെ സൗജന്യമായി വിവിധ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്ന സ്ഥാപനമാണ് ചെറുതുരുത്തി കഥകളി സ്‌കൂൾ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അവിടെ പഠിക്കാം എന്ന് നിർദേശം വച്ചു.

കഥകളിയിൽ ചുവടുറപ്പിക്കാൻ...

അങ്ങനെ കഥകളിയിൽ ചുവടുറപ്പിക്കാൻ ഫ്രാൻസിൽ നിന്നും വണ്ടികയറി കലാമണ്ഡലത്തിന്റെ നാട്ടിലെത്തി. കലാമണ്ഡലം ഉദയകുമാറിന്റെ കീഴിൽ പരിശീലനവും തുടങ്ങി. രണ്ടുവർഷം മുമ്പ് മൗനിർ കഥകളി സ്‌കൂളിലെത്തി ആദ്യ പാഠങ്ങൾ പഠിച്ചു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഈ വർഷം തിരിച്ചെത്തി, രണ്ട് മാസത്തോളം സമയമെടുത്ത് പുറപ്പാട് പഠിച്ചു. ഇപ്പോഴിതാ കഥകളി പുറപ്പാടിൽ കൃഷ്ണവേഷത്തിൽ ചെറുതുരുത്തി കഥകളി സ്‌കൂളിൽ അരങ്ങേറ്റവും കുറിച്ചു. ഫ്രാൻസിൽ നാടകം, തിയേറ്റർ മേഖലകളിൽ സജീവമാണ് മൗനിർ.

ഇപ്പോൾ കളരിയിലും പരിശീലനം നടത്തുന്നുണ്ട്. സംഗീതം കലാമണ്ഡലം അജേഷ് പ്രഭാകർ, കലാമണ്ഡലം അനന്തകൃഷ്ണൻ, കലാമണ്ഡലം സുഹാസ്, ചെണ്ടയിൽ കലാമണ്ഡലം പ്രശാന്ത്, മദ്ദളത്തിൽ സദനം വിവേക് എന്നിവർ അണിയറയിലും പ്രവർത്തിച്ചു. അരങ്ങേറ്റ കലാകാരനെ സൗത്ത് സോൺ കൾച്ചർ സെന്റർ ഡയറക്ടർ കെ.കെ.ഗോപാലകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു. കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി.

കുറഞ്ഞകാലം കൊണ്ട് കഥകളിയിലെ ചുവടും കഥകളി പുറപ്പാടും പഠിച്ചെടുക്കുക എന്നത് വലിയ കാര്യമാണ്.
-കലാമണ്ഡലം ഉദയകുമാർ
കഥകളി അദ്ധ്യാപകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL