SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

തൃശൂരിൽ ഇടതിനെ മലർത്തിയടിക്കുമോ ?

തൃശൂർ : കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം ആധിപത്യം പുലർത്തിയ തൃശൂരിൽ അട്ടിമറി ഉണ്ടാകുമോ?. 2016ലും 2021 ലും 13 ൽ 12 സീറ്റും എൽ.ഡി.എഫിനായിരുന്നു, അതാണ് ഇടതിന് ആത്മവിശ്വാസം. സി.പി.എം മത്സരിക്കുന്ന ഏഴ് സീറ്റിൽ മണലൂർ ഒഴികെയുള്ള എല്ലായിടത്തും സിറ്റിംഗ് എം.എൽ.എമാർ തന്നെയിറങ്ങും. സി.പി.ഐ അഞ്ചിൽ മൂന്ന് സിറ്റിംഗ് എം.എൽ.എമാർക്കും സീറ്റ് നൽകിയെങ്കിലും കൈപ്പമംഗലം എം.എൽ.എയായ ഇ.ടി.ടൈസണെ പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന പറവൂരിലേക്ക് മാറ്റി.
ഇവിടെ മുൻ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് മത്സരിക്കും. നാട്ടികയിലും തൃശൂരിലും സി.പി.ഐ സിറ്റിംഗ് എം.എൽ.എമാർക്ക് സീറ്റില്ലാതായി. സി.സി.മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെ നാട്ടികയിൽ നിലവിലുള്ള എം.എൽ.എ സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തി. പാർട്ടിക്കെതിരെയും കടുത്ത വിമർശനം ഉയർത്തിയ മുകുന്ദനെ സി.പി.ഐ പുറത്താക്കി. അദ്ദേഹം മണ്ഡലത്തിൽ സ്വതന്ത്രനാകും.
കുന്നംകുളത്ത് ഒരിക്കൽ കൂടി എ.സി.മൊയ്തീനിറങ്ങും. കോൺഗ്രസ് പട്ടിക വന്നിട്ടില്ലെങ്കിലും മണലൂരിൽ ടി.എൻ.പ്രതാപൻ പോസ്റ്ററുകൾ ഇറക്കി പ്രചരണം തുടങ്ങിയിട്ടുണ്ട്. മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥാകും എതിരാളി. ബി.ജെ.പിയുടെ ലിസ്റ്റ് നാളെ പ്രഖ്യാപിച്ചേക്കും. ഇതിനിടെ ബി.ജെ.പിക്ക് തൃശൂർ മണ്ഡലത്തിൽ വെല്ലുവിളി ഉയർത്തി മുൻ ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കൺവെൻഷനുമായി രംഗത്തുണ്ട്.
കോൺഗ്രസിന് ലഭിച്ച ഏക സീറ്റായ ചാലക്കുടിയിൽ സനീഷ് കുമാറിനെതിരെ കേരളകോൺഗ്രസ് മാണി വിഭാഗമാണ് മത്സരത്തിന് ഇറങ്ങുക.

ഗ്‌ളാമറിൽ തൃശൂർ


കഴിഞ്ഞ തവണ ത്രികോണ മത്സരം നടന്ന തൃശൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ പി.ബാലചന്ദ്രന് പകരം കവി ആലങ്കോട് ലീലാ കൃഷ്ണനെയാണ് കളത്തിലിറക്കിയത്. കഴിഞ്ഞതവണ ശക്തമായ ത്രകോണ മത്സരം നടന്ന ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി ആയിട്ടില്ല. കഴിഞ്ഞതവണ യു.ഡി.എഫിനായി മത്സരിച്ച പത്മജ വേണുഗോപാൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. മുകുന്ദന്റെ കലഹത്തോടെ നാട്ടികയും ശ്രദ്ധാകേന്ദ്രമാണ്. രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായ അഡ്വ.കെ.രാജൻ മത്സരിക്കുന്ന ഒല്ലൂരും മന്ത്രി ഡോ.ആർ.ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയുമാണ് ശ്രദ്ധാകേന്ദ്രമാകുന്ന മറ്റ് മണ്ഡലങ്ങൾ. മന്ത്രി കെ.രാജൻ മൂന്നാം വട്ടമാണ് കളത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL