SignIn
Kerala Kaumudi Online
Thursday, 25 June 2026 8.42 AM IST

അഞ്ചിടങ്ങളിൽ നേർക്കുനേർ

തൃശൂർ : വടക്കാഞ്ചേരി ഒഴികെയുള്ള ഇടങ്ങളിൽ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ജില്ല നേർക്കുനേർ പോരാട്ടത്തിലേക്ക്. യു.ഡി.എഫിൽ കുന്നംകുളത്തും (സി.എം.പി) ചേലക്കരയിലുമാണ് (മുസ്‌ളീം ലീഗ്) സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഓരോ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.ഡി.എഫ് എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപനദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. എൻ.ഡി.എ ഏഴ് സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൻ.ഡി.എയ്ക്ക് നാട്ടിക, ഗുരുവായൂർ, വടക്കാഞ്ചേരി, കൈപ്പമംഗലം, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളായിട്ടില്ല.

എട്ടിടത്ത് ഇന്നോ നാളെയോ

ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂർ, നാട്ടിക, കൈപ്പമംഗലം, പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങളിൽ മുഴുവൻ മുന്നണി സ്ഥാനാർത്ഥികളും രംഗത്തെത്തിയിട്ടില്ല. ഇവിടെയെല്ലാം എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചാരണത്തിനുണ്ട്. ചേലക്കരയിൽ യു.ആർ.പ്രദീപ് എൽ.ഡി.എഫിനായി മത്സരിക്കുമ്പോൾ എൻ.ഡി.എയ്ക്കായി കെ.ബാലകൃഷ്ണൻ രംഗത്തുണ്ട്. വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സേവ്യർ ചിറ്റിലപ്പിള്ളിയുണ്ട്. മറ്റ് രണ്ട് മുന്നണികൾക്കും സ്ഥാനാർത്ഥിയായിട്ടില്ല.
കുന്നംകുളത്ത് എൽ.ഡി.എഫിലെ എ.സി.മൊയ്തീൻ പ്രചരണ രംഗത്തിറങ്ങിയപ്പോൾ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസിലെ കെ.ആർ.രജിൽ മത്സരിക്കും. ഗുരുവായൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.അക്ബർ മത്സരിക്കുമ്പോൾ ലീഗിലെ സി.എച്ച്.റഷീദാണ് എതിരാളി. എൻ.ഡി.എ രംഗത്തെത്തിയിട്ടില്ല.
നാട്ടികയിൽ എൽ.ഡി.എഫിലെ ഗീതാ ഗോപിയും യു.ഡി.എഫിലെ സുനിൽ ലാലൂരും മത്സരിക്കും. എൻ.ഡി.എ സ്ഥാനാർത്ഥി സി.സി.മുകുന്ദനാണെങ്കിലും പ്രഖ്യാപനമായിട്ടില്ല. കൈപ്പമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.വത്സരാജാണ്. യു.ഡി.എഫിനായി ടി.എം.നാസറും രംഗത്തിറങ്ങി. എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥിയായിട്ടില്ല. പുതുക്കാട് കെ.കെ.രാമചന്ദ്രൻ എൽ.ഡി.എഫിനായി ഇറങ്ങുമ്പോൾ കെ.എം.ബാബുരാജാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഒല്ലൂരിൽ മന്ത്രി കെ.രാജന് എതിരാളി യു.ഡി.എഫിലെ ഷാജി കോടങ്കണ്ടത്താണ്. എൻ.ഡി.എ പ്രഖ്യാപിച്ചിട്ടില്ല.

തൃശൂരിൽ രാജൻ പല്ലൻ

സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃശൂരിൽ മുൻ മേയർ രാജൻ പല്ലനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എയ്ക്കായി പത്മജ വേണുഗോപാലും എൽ.ഡി.എഫിനായി ആലങ്കോട് ലീലാ കൃഷ്ണനും പ്രചാരണ രംഗത്തുണ്ട്. മണലൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രൊഫ.സി.രവീന്ദ്രനാഥും എൻ.ഡി.എ സ്ഥാനാർത്ഥിയായി അഡ്വ.കെ.കെ.അനീഷ് കുമാറും മത്സരിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ടി.എൻ.പ്രതാപൻ ഇറങ്ങും.
കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൽ.ഡി.എഫിനായി വി.ആർ.സുനിൽ കുമാറും എൻ.ഡി.എയ്ക്കായി ട്വന്റിട്വന്റിയിലെ ഡോ.വർഗീസ് ജോർജും കളത്തിലിറങ്ങും. ചാലക്കുടിയിൽ സിറ്റിംഗ് എം.എൽ.എ സനീഷ് കുമാർ ജോസഫ് രണ്ടാമൂഴത്തിനിറങ്ങുമ്പോൾ കേരള കോൺഗ്രസ് എമ്മിലെ ബിജു ചിറയത്ത് എൽ.ഡി.എഫിനായി മത്സരത്തിനിറങ്ങും.
ട്വന്റി ട്വന്റിയിലെ അഡ്വ.ചാർളി പോളാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഇരിങ്ങാലക്കുടയിൽ ഡോ.ആർ.ബിന്ദുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കേരള കോൺഗ്രസ് ജോസഫിലെ അഡ്വ.തോമസ് ഉണ്ണിയാടൻ യു.ഡി.എഫ് സ്ഥാനാർത്ഥിയും എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം എൻ.ഡി.എ സ്ഥാനാർത്ഥിയുമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL