SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വികസനവിവാദം എം.ജി റോഡ് ചുറ്റി ശക്തൻ മാർക്കറ്റിലേക്ക് : ക്രെഡിറ്റിൽ കൊമ്പുകോർത്ത് ഇടതും വലതും

തൃശൂർ: പട്ടാളം റോഡ്, പൂത്തോൾ മേൽപ്പാലം, എം.ജി റോഡ്, ശക്തൻ ബസ് സ്റ്റാൻഡ് തുടങ്ങിയവയിൽ കൊമ്പുകോർത്ത് ഇടതും വലതും. യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ ജെ.പല്ലന്റെ സ്ഥാനാർത്ഥി അഭ്യർത്ഥനയിൽ വാസ്തവവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ കാര്യങ്ങളുണ്ടെന്ന് ആരോപിച്ച് മുൻമന്ത്രി വി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇടത് മുന്നണിയാണ് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും സുനിൽകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ, കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ, കെ.ബി.സുമേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വസ്തുത വളച്ചൊടിച്ചാകരുത് പ്രചാരണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി രാജൻ പല്ലന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘവും മറുവാർത്താ സമ്മേളനവുമായി രംഗത്തെത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, മുൻ മേയർ ഐ.പി.പോൾ പങ്കെടുത്തു. വികസനവാദങ്ങളും മറുവാദവും ഇങ്ങനെ

പട്ടാളം റോഡ് :

എൽ.ഡി.എഫ് : കേന്ദ്ര പോസ്റ്റൽ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി പ്രധാന മന്ത്രിയുമായി സംസാരിച്ച് 16.5 സെന്റ് ഭൂമി പോസ്റ്റൽ വകുപ്പിന് നൽകാൻ ധാരണയുണ്ടാക്കി. പോസ്റ്റ് ഓഫീസ് സ്ഥലവും കോർപറേഷൻ സ്ഥലവും കൈമാറുമ്പോൾ അജിത വിജയനായിരുന്നു മേയർ. രാജൻ കേന്ദ്രമന്ത്രിസഭാ തീരുമാനവും ധാരണാപത്രവും മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ.

രാജൻ പല്ലൻ : പട്ടാളം റോഡിലെ പോസ്റ്റ് ഓഫീസ് കുപ്പിക്കഴുത്ത് പൊളിക്കാൻ തീരുമാനിച്ചത് താനാണെന്ന് രാജൻ പല്ലൻ. മുൻ മേയർ ഐ.പി.പോൾ, എം.കെ.വർഗീസ് എന്നിവർ ഡൽഹിയിലെത്തി അധികൃതരെ കണ്ടിരുന്നു. സി.എൻ.ജയദേവൻ എം.പിയും ഇടപെട്ടു. പോസ്റ്റ് ഓഫീസ് പൊളിക്കാനുള്ള കേന്ദ്ര അനുമതി എൽ.ഡി.എഫ് കാലത്താണ് ലഭിച്ചത്. ഓട് പൊളിക്കുമ്പോൾ കാണാൻ വന്ന് ഫോട്ടോയെടുത്ത ചരിത്രമേ സുനിൽകുമാറിനുള്ളൂ.

പൂത്തോൾ മേൽപ്പാലം :

എൽ.ഡി.എഫ് : 2016- 21 കാലത്ത് താൻ എം.എൽ.എയായിരിക്കെ സംസ്ഥാന സർക്കാരിന്റെയും അജിത ജയരാജൻ മേയറായിരിക്കെ കോർപറേഷന്റെയും ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതി. കെ.ടി.ജലീൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജൻ ഒന്നിലുമുണ്ടായിരുന്നില്ല.

രാജൻ : മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഇടപെടലാണ് ദിവാൻജിമൂല മേൽപ്പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കിയത്. റെയിൽവേയുമായി ധാരണയുണ്ടാക്കി. ടെൻഡർ വിളിച്ച് വർക്ക് ഓർഡർ നൽകി, 6.31 കോടി കെട്ടിവച്ചു. അഴിമതി നടത്തിയെന്നും 6.33 കോടി പിഴ ഈടാക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകാൻ എൽ.ഡി.എഫ് കൗൺസിൽ നോട്ടീസ് തന്നത് എന്തിനായിരുന്നു.

ശക്തൻ സ്റ്റാൻഡ് - മാർക്കറ്റ് വികസനം

എൽ.ഡി.എഫ് : ശക്തൻ സ്റ്റാൻഡ് വികസനത്തിന് ബഡ്ജറ്റിൽ 10 കോടിയും ശക്തൻ മാർക്കറ്റിന് 2 കോടി അനുവദിച്ചതും പി. ബാലചന്ദ്രൻ എം.എൽ.എ ആയിരിക്കെ.

രാജൻ: യു.ഡി.എഫ് ഭരണസമിതി തീരുമാനിച്ച ശക്തൻ ബസ് സ്റ്റാൻഡ് കോൺക്രീറ്റിംഗ് 9.5 വർഷത്തിന് ശേഷം ചെയ്തപ്പോൾ 75 ലക്ഷം എസ്റ്റിമേറ്റിന് പകരം 4.5 കോടി ചെലവഴിച്ചു.


എം.ജി. റോഡ്

എൽ.ഡി.എഫ് : എം.ജി റോഡ് വികസനത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും ഏഴ് കോടി രൂപ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കാൻ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രാജന് യാതൊരു പങ്കുമില്ല.

രാജൻ : കിഴക്കെകോട്ട, നടുവിലാൽ, പൂങ്കുന്നം, കൂർക്കഞ്ചേരി ജംഗ്ഷൻ വികസനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL