SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.58 AM IST

ഇന്ന് കൊട്ടിക്കലാശം വോട്ടുറപ്പിക്കാൻ അവസാന പോരാട്ടം

തൃശൂർ : വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്ന് കൊട്ടിക്കലാശം. ദിവസങ്ങൾ കുറവായിരുന്നുവെങ്കിലും ദേശീയസംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ പ്രചാരണത്തിനൊടുവിൽ, ഇന്ന് വൈകിട്ട് ആറോടെ പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണം. ശേഷം മറ്റന്നാൾ ജില്ല പോളിംഗ് ബൂത്തിലെത്തും. 13 നിയോജക മണ്ഡലങ്ങളിലും ഇന്ന് രാവിലെ മുതൽ സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടക്കും. രാവിലെ മുതൽ ഓരോ സെന്ററുകൾ കേന്ദ്രീകരിച്ചാകും റോഡ് ഷോ. ഓരോ സ്ഥാനാർത്ഥികൾക്കും പ്രത്യേക കേന്ദ്രങ്ങൾ പൊലീസ് നൽകിയിട്ടുണ്ട്. മൂന്ന് മുന്നണികളും പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അവസാന ഘട്ടത്തിൽ ദേശീയ നേതാക്കളും താരപ്രചാരകരും പ്രചാരണത്തിന് എത്തിയതിന്റെ ആവേശത്തിലാണ് മൂന്നു മുന്നണി ക്യാമ്പുകളും. വീണു കിട്ടിയ വിവാദങ്ങൾ എല്ലാവരും ജന മദ്ധ്യത്തിൽ എത്തിച്ചു.

നഗരം ഇളകി മറിയും

തൃശൂർ നിയോജക മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം തെക്കേ ഗോപൂരനടയിലാണ്. എൽ.ഡി.എഫിന് രാഗം തിയേറ്ററിന് മുൻവശവും എൻ.ഡി.എയ്ക്ക് എം.ഒ.റോഡിലും യു.ഡി.എഫിന് ജോസ് തിയേറ്ററിന് സമീപവുമാണ് സ്ഥലം അനുവദിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എല്ലാവർക്കും വ്യത്യസ്ത സമാപന കേന്ദ്രങ്ങളാണ്. തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിലാണ് പാർട്ടികളുടെ പ്രചാരണ സമാപനം.

  • എൽ.ഡി.എഫ്: രാഗം തിയറ്ററിന് മുൻവശം.
  • എൻ.ഡി.എ: എം.ഒ. റോഡ്.
  • യു.ഡി.എഫ്: ജോസ് തിയറ്റർ പരിസരം.


ആവേശത്തിന്റെ കൂട്ടിക്കൊട്ട്

യു. ഡി. എഫ്
1. രാഹുൽഗാന്ധി മാളയിലും കുന്നംകുളത്തും
2. സച്ചിൻ പൈലറ്റ്, കനയ്യകുമാർ തുടങ്ങി ദേശീയ നേതാക്കളുടെ സാന്നിദ്ധ്യം
3. കെ. സി. വേണുഗോപാൽ, വി. ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങി നേതാക്കളുടെ ആദ്യഘട്ട പ്രചാരണം
4. ഏകോപനത്തോടെയും ചിട്ടയായുമുള്ള പ്രചാരണം

എൻ. ഡി. എ

1. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂരിലെ റോഡ്‌ഷോ
2. നിതിൻ നവീൻ, നിർമല സീതാരാമൻ, കിരൺ റിജിജു, ലിയാണ്ടർ പേസ് തുടങ്ങിയവരുടെ സാന്നിദ്ധ്യം
3. സുരേഷ് ഗോപി, എം. ടി. രമേശ്, സദാനന്ദൻ മാസ്റ്റർ തുടങ്ങിയവരുടെ ഏകോപനം
4. ആവേശം ഉയർത്താൻ കൃത്യമായ ഇടവേളകളിൽ ദേശീയ നേതാക്കൾ, ചിട്ടയായ ഇടപെടൽ

എൽ. ഡി. എഫ്

1. മുഖ്യമന്ത്രിയുടെ നാലിടങ്ങളിലെ പൊതുയോഗങ്ങൾ
2.സി.പി.എം ജനറൽ സെക്രട്ടറി എം. എ. ബേബി, വൃന്ദ കാരാട്ട്, എം. വി. ഗോവിന്ദൻ, ബിനോയ് വിശ്വം തുടങ്ങി നേതാക്കന്മാരുടെ പൊതുയോഗങ്ങൾ
3. നേരത്തെ കൂട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുള്ള പ്രചാരണം, ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL