SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

പൂരം കാണാൻ റൂമിന് കൊള്ളവാടക..!

room

  • കളക്ടർക്ക് പരാതി നൽകി

തൃശൂർ: പ്രവാസി കുടുംബത്തിന് പൂരം കാണാൻ റൂമിനായി അന്വേഷിച്ചപ്പോൾ ബിനി ടൂറിസ്റ്റ് ഹോമിൽ വാടക 45,000 രൂപ. ദിവസം 3,000 രൂപയുള്ള ഒരു റൂമിനാണ് തൃശൂർ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ബിനിയിൽ 45,000 വാടക ചോദിച്ചതായി പരാതിയുയർന്നത്. ഇതേതുടർന്ന്, ജില്ലയിലെ റസ്റ്റോറന്റ്, ഹോട്ടൽ, ടൂറിസ്റ്റ് ഹോം, ലോഡ്ജ് അസോസിയേഷൻ പ്രതിനിധികളുടെയും സ്ഥാപന ഉടമകളുടെയും അടിയന്തര യോഗം വിളിച്ചുചേർത്ത് ചർച്ച നടത്തി പരാതിയിൽ പരിഹാരം കാണണമെന്ന് കളക്ടർക്ക് നേർക്കാഴ്ച അസോസിയേഷൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. റൂം വാടകയ്ക്ക് എടുത്തവരുടെയും ബുക്ക് ചെയ്തവരുടെയും രസീത്, സ്ഥാപനങ്ങളുടെ ഇലക്ട്രോണിക് രേഖകളും രജിസ്റ്റർ രേഖകളും പരിശോധിച്ച് സർക്കാരും ഉപഭോക്താക്കളും കബളിപ്പിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

ഇടനിലക്കാരായി ഏജൻസികൾ?

വിവിധ ഏജൻസികൾ ചില ഹോട്ടൽ റസ്റ്റോറന്റുകളിലെ റൂമുകൾ മുഴുവനായി മുൻകൂറായി ബുക്ക് ചെയ്ത് വൻ നിരക്കിൽ മറിച്ച് നൽകിവരികയാണ്. ഔദ്യോഗിക കൃത്യനിർവഹണ ചുമതലയിൽ ഉള്ളവരും അല്ലാത്തതുമായ സർക്കാർ ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തി ബന്ധുമിത്രാദികളോടൊപ്പം വാടക നൽകാതെ പൂരം ദിവസങ്ങളിൽ താമസിക്കുന്നുണ്ടെന്നും പരാതിയുണ്ട്. 24ന് സാമ്പിൾ വെടിക്കെട്ട് മുതൽക്കാണ് റൂം ബുക്കിംഗ് തുടങ്ങുന്നത്. പൂരം നടക്കുന്ന 26നും ഉപചാരം ചൊല്ലിപ്പിരിയുന്ന 27നും ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്തുനിന്ന് അടക്കം വൻ ജനക്കൂട്ടമെത്തും.

വാടകക്കുടിശ്ശികയും നൽകാതെ

മുൻ ഭരണസമിതിയുടെ കാലത്തെ വാടക കുടിശിക പോലും നൽകാതെയാണ് കോർപറേഷൻ ഉടമസ്ഥതയിലുള്ള ബിനി ഹെറിറ്റേജ് പ്രവർത്തിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. കൗൺസിൽ യോഗത്തിൽ ബിനി തിരിച്ചുപിടിക്കാനും വാടകയിനത്തിലും മറ്റും ലഭിക്കാനുള്ള നാലു കോടിയോളം വാങ്ങാനും തീരുമാനമെടുത്തിരുന്നു. ഏഴര ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് കൊടുത്ത ബിനി, കോർപറേഷന്റെ അനുമതിയില്ലാതെ കടമുറികളായി തിരിച്ച് 35 ലക്ഷത്തോളം വാടക വാങ്ങാൻ മുൻ കൗൺസിലർമാർ കൂട്ടുനിന്നെന്ന് ആരോപണമുയർന്നിരുന്നു.


ശരാശരി വാടക: 2000 - 3000 രൂപ
ഈടാക്കുന്നത്: 10000 മുതൽ 25000 രൂപ വരെ

പൂരത്തിന്റെ പേരിൽ കൊള്ളവാടക ഈടാക്കാൻ അനുവദിക്കില്ല. കർശന നടപടിയെടുക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും.

-എ.പ്രസാദ്, ഡെപ്യൂട്ടി മേയർ,
തൃശൂർ കോർപറേഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL