SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

പൂരക്കൊടി പാറി... ഇനി... തൃശൂരിന്റെ മനം നിറയെ പൂരം

kodi

തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും പൂരക്കൊടി ഉയർന്നതോടെ തൃശൂരിന്റെ മനസ് ഇനി പൂരത്തിലേക്ക്. കർശന സുരക്ഷാ സംവിധാനങ്ങളോടെയാണ് ഒരുക്കങ്ങൾ. 24ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട് കളക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്ത് പരിശോധന നടത്തി. തെക്കേ ഗോപുരം, വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങൾ, പൂരങ്ങൾ കയറി വരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, മെമ്പർമാരായ അഡ്വ.അജയൻ, സുരേഷ് ബാബു, സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ്, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.സി.സേതു, ദേവസ്വം അസി. കമ്മിഷണർ എം.മനോജ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

പാറമേക്കാവ് വിഭാഗം

ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ താന്ത്രിക ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടി ഉയർത്തി. തുടർന്ന് വടക്കുന്നാഥനിലേക്ക് അഞ്ചാനകളോടെ എഴുന്നള്ളിപ്പ് നടന്നു. ചന്ദ്രപുഷ്‌കരണിയിൽ തന്ത്രിയുടെ മുഖ്യാകാർമികത്വത്തിൽ ആറാട്ടും നടന്നു. പാറമേക്കാവ് കാശിനാഥനാണ് തിടമ്പേറ്റിയത്. കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിന് പ്രമാണിയായി. പ്രസിഡന്റ് ഡോ. ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്, വി.എൻ.ശശി, അസി. സെക്രട്ടറി പി.വി.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ ആറാട്ട് കഴിഞ്ഞ് പറയെടുപ്പിന് പുറപ്പെടും. മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ഐ.എം.വിജയൻ ഉൾപ്പടെയുള്ളവരെത്തി.

തിരുവമ്പാടി വിഭാഗം

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ പഞ്ചാരി മേളം അരങ്ങേറി. കൊടിയേറ്റച്ചടങ്ങിന് മുന്നോടിയായി പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കി. തുടർന്ന് പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറി. തുടർന്ന് ദേശക്കാർ കൊടിമരംനാട്ടി കൂറ ഉയർത്തി. വൈകിട്ട് മൂന്നിന് ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. തുടർന്ന് നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടിയേറ്റി. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കിപൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങി ക്ഷേത്രത്തിലെത്തിയതോടെ ചടങ്ങുകൾ സമാപിച്ചു. പ്രസിഡന്റ് റിട്ട. കേണൽ രവി, കെ.ഗിരീഷ് കുമാർ, രാജൻ പല്ലൻ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കൗൺസിലർ രേഷ്മ, എം.എസ്.സമ്പൂർണ തുടങ്ങിയവർ സന്നിഹിതരായി.

ആവേശപൂർവ്വം കൊടിയേറ്റി
ഘടക ക്ഷേത്രങ്ങൾ

തൃശൂർ: തട്ടകങ്ങളെ ആവേശത്തിലാക്കി എട്ട് ഘടക ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടന്നു. ആദ്യം ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് പൂരം കൊടിയേറിയത് അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിലും രാവിലെയായിരുന്നു കൊടിയേറ്റം. വൈകിട്ട് മറ്റ് ആറ് ഘടക ക്ഷേത്രങ്ങളിലും കൊടിയേറി. ലാലൂരിൽ തട്ടകക്കാരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ചേർന്ന് കൊടിയേറ്റ് നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികളും ക്ഷേത്രോപദേശ സമിതി അംഗങ്ങളും പങ്കെടുത്തു. അയ്യന്തോൾ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് മുമ്പ് മേളവും ആറാട്ടും നടന്നു. തുടർന്ന് മൂന്നാന പുറത്ത് എഴുന്നള്ളിപ്പ് നടന്നു. ക്ഷേത്രക്കുളത്തിൽ ആറാട്ടിനുശേഷം ക്ഷേത്രം തന്ത്രിയും മേൽശാന്തിയും ചേർന്ന് കൊടിയേറ്റം നടത്തി.
ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രത്തിൽ തട്ടകക്കാർ കൊടിയേറ്റി. തുടർന്ന് ക്ഷേത്രക്കുളത്തിൽ നടന്ന ആറാട്ടിന് തന്ത്രി നേതൃത്വം നൽകി. പനമുക്കുംപിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും തട്ടകക്കാരാണ് കൊടിയേറ്റം നിർവഹിച്ചത്. ക്ഷേത്രം തന്ത്രി കൊടിക്കൂറ പൂജിച്ച് നൽകി. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിൽ വൈകിട്ട് നാട്ടുകാർ ചേർന്ന് കൊടിയേറ്റി. ക്ഷേത്രക്കുളത്തിൽ ആറാട്ടും തന്ത്രിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും നടന്നു. കണിമംഗലം ശാസ്ത്രാ ക്ഷേത്രത്തിൽ തന്ത്രി കൊടിയേറ്റി. ചൂരക്കോട്ടുകാവ് ദുർഗാ ക്ഷേത്രത്തിൽ നാട്ടുകാർ പൂരത്തിന് കൊടിയേറ്റി. ക്ഷേത്രക്കുളത്തിൽ ഭഗവതി ആറാട്ട് നടത്തി. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ ദേശക്കാർ പൂരം കൊടിയേറ്റം നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL