SignIn
Kerala Kaumudi Online
Thursday, 21 May 2026 2.37 AM IST

മുട്ടിച്ചിറ ഫാം റോഡ് പാലം തകർന്നു... കർഷകർക്കും നാട്ടുകാർക്കും ആശങ്ക ബാക്കി..!

muttichira-palam

തൃശൂർ: മുട്ടിച്ചിറ ഫാം റോഡ് കൾവർട്ട് പാലത്തിന്റെ തകർച്ചയെത്തുടർന്ന് കർഷകരും പ്രദേശവാസികളും ദുരിതത്തിൽ. താണിക്കുടത്ത് നിന്നും പുഴയ്ക്കലിലേക്കുള്ള തോടിന് കുറുകെയുള്ള പാലമാണ് കഴിഞ്ഞ ദിവസം തകർന്നത്. ആറ് വർഷങ്ങൾക്ക് മുൻപാണ് വില്ലടം എട്ടാം ഡിവിഷനിലെ ഇൗ പാലം നിർമ്മിച്ചത്. നിലവിൽ പാലത്തിന്റെ അടിക്കെട്ട് തകർന്ന് സ്ലാബ് ഇരുന്ന നിലയിലാണ്. ഇരുവശങ്ങളിലേക്കും തൂണുകൾ ബലപ്പെടുത്തി പാലം നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പാലം ഇരുന്നതോടെ താണിക്കുടം തോട്ടിലൂടെയുള്ള ജലമൊഴുക്കും നിലച്ചു. 25 ഏക്കർ വരുന്ന പാടശേഖരത്തെ രണ്ട് ഏക്കറോളം വരുന്ന ഭാഗത്തെ നെല്ല് ഇനിയും കൊയ്‌തെടുക്കാനുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇതിന് സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. പ്രദേശത്തെ 30 വീടുകളിലേക്കും പാടശേഖരങ്ങളിലേക്കും വാഹനങ്ങളും ട്രാക്ടറും കൊയ്ത്തുയന്ത്രവും ലോറിയും പോയിരുന്നതും കൾവർട്ട് പാലം വഴിയാണ്.

വഴിയില്ലാതായതോടെ നാട്ടുകാരുടെ ബൈക്കുകളും മറ്റ് വാഹനങ്ങളും പാലത്തിനപ്പുറത്ത് മറ്റൊരിടത്താണ് വയ്ക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.എൽ.സന്തോഷ്, പ്രതിപക്ഷ നേതാവ് ഹിരൺ എന്നിവർ സ്ഥലത്തെത്തി പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതിവേഗം വേണമെന്ന നിലപാടിലാണ് നാട്ടുകാരും കർഷകരും.

എട്ട് വീടുകൾക്ക് ഭീഷണി

വില്ലടം പ്രദേശത്തെ 30 വീടുകളിൽ എട്ട് വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. രണ്ട് പ്രളയകാലത്തും താണിക്കുടം പുഴ കരകയറുമ്പോഴും മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളാണ് ഇപ്പോൾ വർഷക്കാലത്തിന് മുൻപേ ഭീതിയിലായത്. പാലം തകർന്ന് തോട്ടിലെ ഒഴുക്ക് നിലച്ചതോടെ താണിക്കുടം പുഴയിൽ വെള്ളം കൂടിയാലും സമീപമുള്ള കൊക്കർണി ചാൽ നിറഞ്ഞാലും ഭീതി വർദ്ധിക്കാനിടയുണ്ട്.

വില്ലടം പാടശേഖരത്ത് വിരിപ്പുകൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. ഇതിനിടെ തോടിന് കുറുകെയുള്ള പാലം വീണതോടെ പാടശേഖരത്തിലും വെള്ളക്കെട്ടായി.

വെള്ളക്കെട്ടിന് അധികൃതർ പരിഹാരം കാണണം. എത്രയും പെട്ടെന്ന് പാലം നിർമ്മിച്ചാലേ ട്രാക്ടറും യന്ത്രങ്ങളും മറ്റും കൃഷിയിടത്തിലേക്ക് എത്തിക്കാനാകൂ.

-സി.എ.ജയിംസ്,

വില്ലടം പാടശേഖര സമിതി പ്രസിഡന്റ്


കാപ്ഷൻസ്

1. വില്ലടം എട്ടാം ഡിവിഷനിലെ മുട്ടിച്ചിറ ഫാം റോഡ് കൾവർട്ട് പാലം തകർന്ന നിലയിൽ.

2. തകർന്ന മുട്ടിച്ചിറ ഫാം റോഡ് കൾവർട്ട് പാലത്തിലൂടെ കൊണ്ടുപോകാൻ കഴിയാതെ റോഡിൽ സമീപവാസികൾ വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL