സുരക്ഷിതമായ വെടിക്കെട്ട് നിർമ്മാണ ശാലകൾ വേണം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ടിന്റെ ശബ്ദം കുറച്ച് വർണ്ണാഭമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചുചേർത്ത യോഗത്തിൽ വിയോജിപ്പുമായി ഉത്സവ കമ്മിറ്റികൾ. കരിമരുന്ന് നിർമ്മാണശാലകളിലെ സുരക്ഷയും നിയമങ്ങളിൽ ഏകോപനവും ശാശ്വതമായ പരിഹാര നടപടികളുമാണ് മേഖലയിൽ ഉറപ്പാക്കേണ്ടതെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. മുണ്ടത്തിക്കോട് അപകടത്തിന് ശേഷം, വിഷയത്തിൽ അഭിപ്രായം തേടാൻ മുൻ സർക്കാർ വിവിധ ദേവസ്വം ബോർഡുകൾക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം.
എന്നാൽ ശബ്ദ കാഠിന്യം കുറച്ച് വർണ്ണാഭമാക്കുന്നതിന് പകരം സർക്കാർ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ വെടിക്കെട്ട് നിർമ്മാണ ശാലകൾ നിർമ്മിച്ച് അപകടങ്ങൾ കുറയ്ക്കണമെന്നാണ് യോഗത്തിലെ നിർദ്ദേശം.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളും ഇവയുടെ കീഴിലുള്ള ദേശക്കമ്മിറ്റികളും യോഗത്തിൽ പങ്കെടുത്തു. ചിറ്റണ്ടയിൽ കണ്ടെത്തിയ സ്ഥലത്ത് ഫയർ പാർക്ക് യാഥാർത്ഥ്യമാക്കാൻ സർക്കാർ ശ്രമിക്കണമെന്ന ആവശ്യവും ഉയർന്നു. യോഗ തീരുമാനം ജില്ലാ ഭരണകൂടത്തെയും സർക്കാരിനെയും ദേവസ്വം വകുപ്പിനെയും അറിയിക്കുകയാണ് ബോർഡിന്റെ ചുമതല. ബോർഡ് അംഗങ്ങളായ കെ.പി.അജയൻ, കെ.കെ.സുരേഷ് ബാബു, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ, സെക്രട്ടറി പി.ബിന്ദു, ഡപ്യൂട്ടി കമ്മിഷണർ കെ.സുനിൽ കുമാർ എന്നിവരും പങ്കെടുത്തു.
വ്യവസായ വകുപ്പിന് കീഴിൽ ചിറ്റണ്ടയിൽ കരിമരുന്ന് നിർമ്മാണശാല എന്ന ആശയം മുന്നോട്ടുവച്ചെങ്കിലും നടപ്പായില്ല. വേണ്ടെന്നു വയ്ക്കാൻ ശ്രമിക്കാതെ സുരക്ഷിതമായും നിയമവിധേയമായും വെടിക്കെട്ട് ഒരുക്കാൻ അധികൃതർ തയ്യാറാകണം.
(വി.എ.വിപിൻ,സെക്രട്ടറി, ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം)
എത്ര കിലോഗ്രാം വരെ കരിമരുന്നിന് എക്‌സ്‌പ്ലോസീവ്‌സ് ലൈസൻസ് നൽകാം, ആർക്കൊക്കെ ലൈസൻസുണ്ട് എന്നീ കാര്യങ്ങളിൽ ഒരു ഓഡിറ്റ് നടത്താൻ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറാകണം.(രഘുനാഥ് പനവേലി സെക്രട്ടറി, എറണാകുളം ശിവക്ഷേത്രം)
വെറും കളർഫുൾ വെടിക്കെട്ടിന് പിന്നാലെ പോയാൽ വെടിക്കെട്ടിന്റെ ഗാംഭീര്യവും ക്ഷേത്രങ്ങളുടെ പ്രാധാന്യവും സാന്നിധ്യവും എല്ലാം കുറയും.(വി.സുരേഷ് കുമാർ ഉത്രാളിക്കാവ് പൂരദേശങ്ങളുടെ ചീഫ് കോ–ഓർഡിനേറ്റർ)
പ്രകാശം മാത്രം പോരാ,ശബ്ദവും വേണം. ചർച്ചകളും നിർദേശങ്ങളും എങ്ങനെ പ്രാവർത്തികമാക്കാമെന്ന ഒരു രൂപരേഖ ബോർഡ് മുന്നോട്ടുവയ്ക്കണം.എം.സോമൻ (പ്രസിഡന്റ്, വല്ലങ്ങി ദേശം)
പാരമ്പര്യ വെടിക്കെട്ടിനെ പ്രോത്സാഹിപ്പിക്കാനും നിലനിറുത്താനും കഴിയണം. വെടിക്കെട്ട് ഇല്ലാതാക്കാൻ ശിവകാശി ലോബി കാലങ്ങളായി ശ്രമിക്കുന്നുണ്ട്. നിർമ്മാണത്തൊഴിലാളികൾക്ക് വിദഗ്‌ദ്ധോപദേശം ലഭ്യമാക്കണം.
ശ്രീകൃഷ്ണൻ കോക്കൂരി (മച്ചാട് മാമാങ്കം
മണലിത്തറ വേലാഘോഷ കമ്മിറ്റി പ്രതിനിധി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |