കൊച്ചി: അഭിഭാഷകനാവുക എന്നതായിരുന്നു തന്റെ ആദ്യകാലം മുതലുള്ള ആഗ്രഹമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിലേക്ക് പോകുമ്പോൾ എപ്പോഴും ഭരണഘടന കൂടെ കരുതാറുണ്ട്. കാൽനൂറ്റാണ്ട് കാലത്തെ നിയമനിർമ്മാണങ്ങളിൽ തനിക്ക് പങ്കാളിത്തമുണ്ട്. നിയമങ്ങളിലെ വരികളിലും കുത്തിലും കോമയിലുംവരെ ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. മികച്ച അഭിഭാഷകർ നിയമങ്ങളിലെ പഴുതുകൾ കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുഖ്യമന്ത്രിക്കും അഭിഭാഷക അസോസിയേഷൻ അംഗങ്ങളായ നിയമസഭാ സാമാജികർക്കും നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതിയുടെ ആവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്നും കൂടുതൽ കോടതികൾ ആരംഭിക്കും. അഡ്മിറാലിറ്റി, ആർബിട്രേഷൻ കോടതികളും ആരംഭിക്കും. അഭിഭാഷക സംരക്ഷണനിയമം തയ്യാറായിട്ടുണ്ടെന്നും ഉടൻ നടപ്പാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിഭാഷക അസോസിയേഷൻ അംഗങ്ങളായ മുഖ്യമന്ത്രിക്കുപുറമെ, മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, വി.കെ. ഫൈസൽ ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ.കൊറ്റം അദ്ധ്യക്ഷനായിരുന്നു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, അഡ്വക്കേറ്റ് ജനറൽ ജാജു ബാബു, അസോസിയേഷൻ സെക്രട്ടറി നിമ ജേക്കബ്, വൈസ് പ്രസിഡന്റ് ഒ.എച്ച്. നസീബ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ അംഗങ്ങളായ ബാർ കൗൺസിൽ മെമ്പർമാരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |