
വടക്കാഞ്ചേരി: വിയ്യൂരിൽ നിന്ന് പരുത്തിപ്രയിലേക്ക് ടിക്കറ്റെടുത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ ഒരു കിലോമീറ്റർ അകലെ ഓട്ടുപാറയിൽ കൈപിടിച്ച് വലിച്ച് ഇറക്കിവിട്ടതായി പരാതി. രാമവർമ്മപുരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും പരുത്തിപ്ര വടഗിരി വീട്ടിൽ ഫൈസലിന്റെ മകളുമായ നിതാ ഫാത്തിമയ്ക്ക് നേരെയാണ് അതിക്രമം. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന 'ചിറയത്ത്' ബസിലെ ജീവനക്കാർക്കെതിരെ വിദ്യാർത്ഥി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. രാമവർമ്മപുരത്ത് അഡ്മിഷൻ ലഭിച്ച നിത ആദ്യമായാണ് ബുധനാഴ്ച ക്ലാസിലേക്ക് പോയത്. മടക്കയാത്രയിൽ പരുത്തിപ്രയിൽ സ്റ്റോപ്പില്ലെന്നും ഓട്ടുപാറയിൽ ഇറങ്ങണമെന്നും കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. കനത്ത മഴയായതിനാൽ കുട്ടി ഇറങ്ങാൻ മടിച്ചുനിന്നതോടെ ജീവനക്കാരൻ ബലമായി കൈപിടിച്ച് വലിച്ച് പുറത്തേക്ക് ഇറക്കിവിട്ടെന്നാണ് പരാതി. തുടർന്ന് മഴയിൽ നനഞ്ഞു കുതിർന്നാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. അതിക്രമം കാട്ടിയ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ബസ് തടഞ്ഞ് നാട്ടുകാർ
വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി 7.45ഓടെ പരുത്തിപ്രയിൽ വച്ച് നാട്ടുകാർ ചിറയത്ത് ബസ് തടഞ്ഞിട്ടു. വിദ്യാർത്ഥികളോടുള്ള ഇത്തരം ഹീനമായ പെരുമാറ്റം ആവർത്തിക്കരുതെന്ന് നാട്ടുകാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. സംഭവമറിഞ്ഞ് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നാട്ടുകാരും ബസ് അധികൃതരുമായി ചർച്ച നടത്തി. പൊലീസിന്റെ ഇടപെടലിനെ തുടർന്ന് രാത്രിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |