കട്ടപ്പന : വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നത് വിവരശേഖരണത്തിനോ ഹാജർ ഉറപ്പാക്കുന്നതിനോ മാത്രമല്ല, ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ലക്ഷ്യമിട്ട് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്‌കൂൾ 'വീട് അറിയാം... കുട്ടിയെ അറിയാം' എന്ന സമഗ്ര ഭവനസന്ദർശന പദ്ധതിക്ക് തുടക്കമിട്ടു.
വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനും പ്രാധാന്യം നൽകി നടപ്പാക്കിയ 'മനസ്സറിയാം' പദ്ധതിക്ക് പിന്നാലെയാണ് ഈ പുതിയ സംരംഭം. കുട്ടിയുടെ പഠനനിലവാരത്തിനപ്പുറം കുടുംബസാഹചര്യം, സാമ്പത്തിക അവസ്ഥ, ആരോഗ്യനില, പഠനാന്തരീക്ഷം, സാമൂഹിക സുരക്ഷ എന്നിവ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ ഓരോ കുടുംബത്തിനും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രധാനാദ്ധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ അധ്യാപകരും പി.ടി.എ. പ്രതിനിധികളും ചേർന്നാണ് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകൾ സന്ദർശിക്കുന്നത്. പഠനത്തിന് അനുയോജ്യമായ അന്തരീക്ഷം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, സർക്കാർ ക്ഷേമപദ്ധതികളുടെ ലഭ്യത, ഭവനസൗകര്യം, കുടിവെള്ളം, ശുചിമുറി, വൈദ്യുതി, ആരോഗ്യപ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, ഭിന്നശേഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, പഠനോപകരണങ്ങൾ, യൂണിഫോം, ബാഗ്, ചെരുപ്പ്, യാത്രാസൗകര്യം തുടങ്ങി കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തും. കലാ, കായിക, ഭാഷാ, ശാസ്ത്ര മേഖലകളിലെ കുട്ടികളുടെ കഴിവുകളും കണ്ടെത്തി അവ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും തയ്യാറാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |