തൃശൂർ:നാല് ജില്ലകളിൽനിന്ന് നൂറുക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി, ഗ്യാസ്‌ട്രോ, ന്യൂറോളജി, റേഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമത്തിൽ നട്ടംതിരിയുകയാണ് രോഗികൾ.
ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ മന്ത്രി കെ. മുരളീധരൻ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി നിവേദനങ്ങളുടെ പെരുമഴയാണ്. തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ആശുപത്രി വികസന സമിതിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. 2014 മുതൽ കൃത്യമായ ഓഡിറ്റിംഗും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്നു.
കാർഡിയോളജിയിലെത്താൻ കടമ്പയേറെ
ഹൃദയസംബന്ധമായ അസുഖങ്ങളുമായി അടിയന്തിര സാഹചര്യങ്ങളിൽ റഫർ ചെയ്ത് എത്തുന്ന രോഗികളെ ജനറൽ മെഡിസിനിൽ എത്തിച്ചശേഷമാണ് കാർഡിയോളജി വിഭാഗത്തിലേക്ക് മാറ്റുന്നത്. ഡോക്ടർമാരുടെ കുറവ് മൂലം വൈകിട്ടോ രാത്രിയിലോ എത്തുന്ന ഹൃദ്രോഗികൾക്ക് കാർഡിയോളജി വിഭാഗത്തിൽ കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. നിർധനരായ രോഗികൾ ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആൻജിയോഗ്രാം ഉൾപ്പെടെയുള്ളവ സിനീയർ ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് ചെയ്യാനാകുക. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെങ്കിൽ ഡോക്ടർമാരുടെ എണ്ണത്തിന് പുറമേ നഴ്‌സ്, അറ്റൻഡർ, ടെക്‌നീഷ്യൻസ് എന്നിവർ നിലവിലുള്ളതിനേക്കാൾ ഇരട്ടിയിലേറെ വേണം. നിലവിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തനത്തിനുള്ള എണ്ണം മാത്രമാണുള്ളത്. ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിച്ച് മുഴുവൻ സമയം പ്രവർത്തിക്കുന്ന കാത്ത് ലാബ് വേണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്.
റേഡിയോളജിയിലും വേണം മാറ്റം
റേഡിയോളജി വിഭാഗത്തിലും പ്രതിസന്ധി രൂക്ഷമാണ്. സി.ടി,യു.എസ്.സി എന്നീ പരിശോധനകൾക്ക് തീയതി ലഭിക്കാൻ ആഴ്ച്ചകളെടുക്കും. പരിശോധന കഴിഞ്ഞാൽ ഫലം ലഭിക്കുന്നതിനും രണ്ടാഴ്ച്ചയോളം കാത്തിരിക്കണം. ന്യൂറോ മെഡിസിൻ, ഗ്യാസ് ട്രോ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ല. യൂറോളജി വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഈ ഡോക്ടറാകട്ടെ തൃശൂർ മെഡിക്കൽ കോളേജിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമായി മാറി മാറി സേവനം ചെയ്യുന്നത്.
കാത്ത് ലാബ് പ്രവർത്തനം മെച്ചപ്പെടുത്താനും മറ്റ് സൂപ്പർസ്‌പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യ മന്ത്രി മുൻകൈയെടുക്കുമെന്ന് പ്രതീക്ഷയുണ്ട്. ആരോഗ്യ ചികിത്സാരംഗത്ത് യു.ഡി.എഫ് സർക്കാർ വലിയ മുന്നേറ്റം നടത്തും.
കെ.എൻ.നാരായണൻതൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് (ഐ.എൻ.ടി.യു.സി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |