ആശങ്ക വേണ്ടെന്ന് ആരോഗ്യ വിഭാഗം
തൃശൂർ : ജില്ലയിൽ പനി ബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതിനിടെ വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തത് ജനങ്ങളിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. എന്നാൽ, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ അമ്മവീട്ടിൽ അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തിയ ഏഴും നാലും വയസുള്ള രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധിതരായ കുട്ടികളിൽ ഒരാൾ മാത്രമാണ് സ്‌കൂളിൽ പോകുന്നത്. ജില്ലയിൽ പനി ബാധിതരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താൽ നാല് ദിവസവും രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലായിരുന്നു. ജൂൺ 11ന് രോഗബാധിതരുടെ എണ്ണം 1500ന് അടുത്തെത്തി.
ആശങ്ക വേണ്ടെന്ന് ഡി.എം.ഒ
ജില്ലയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്‌തെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. ശ്രീദേവി അറിയിച്ചു. രോഗബാധിത പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകളും ബോധവത്കരണ പ്രവർത്തനങ്ങളും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജില്ലയിൽ പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ കൂട്ടിച്ചേർത്തു.
ഡെങ്കിയും
ജില്ലയിൽ ഡെങ്കിപ്പനിയും ഏറെയാണ്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ അമ്പതിലേറെ പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഡെങ്കി സംശയമുള്ളവരുടെ പട്ടികയിൽ 150 ലേറെ പേരുണ്ട്. ഇവരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. മരണം റിപ്പോർട്ട് ചെയ്തില്ലെങ്കിലും പലരുടെ നില ഗുരുതരമായിരുന്നു. കോർപറേഷൻ പരിധിയിലാണ് കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത്.
ഷിഗെല്ല,വേണം ജാഗ്രത
രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവ കാണപ്പെടുന്നു. എല്ലാ ഷിഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകു.
പനിക്കണക്ക്
ജൂൺ 12 - 1130
ജൂൺ 11 -1472
ജൂൺ 10- 1181
ജൂൺ 9-916
ജൂൺ 8 -1062
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |