പത്ത് ദിവസം 80ലേറെ കേസുകൾ
തൃശൂർ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിയിലൂടെ തൃശൂരിൽ ലഹരി മാഫിയക്കെതിരെ കടുത്ത നടപടികളുമായി സിറ്റി പൊലീസ്. പത്ത് ദിവസത്തെ വ്യാപക പരിശോധനയിൽ തൃശൂർ സിറ്റി പൊലീസ് 80ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും നൂറോളം പ്രതികളെ പിടികൂടുകയും ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയത്.
സാധാരണ പരിശോധനകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക കർമ്മപദ്ധതികൾ തയ്യാറാക്കിയും സ്‌പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചുമാണ് ഓപ്പറേഷൻ തൂഫാൻ മുന്നേറുന്നതെന്ന് കമ്മീഷണർ വ്യക്തമാക്കുന്നു.
എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, കിലോക്കണക്കിന് കഞ്ചാവ് എന്നിവയാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ചൂളകളിലിട്ട് പൊലീസ് കത്തിച്ച് നശിപ്പിക്കുന്നുമുണ്ട്. കമ്മീഷണറുടെ നേതൃത്വത്തിൽ 58 കിലോ കഞ്ചാവും മാരക രാസലഹരികളും ഒന്നിച്ച് കത്തിച്ച് നശിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു. കുക്കറിൽ തിളച്ചു കൊണ്ടിരുന്ന ചോറിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതും അമ്പരപ്പിക്കുന്ന സംഭവമായിരുന്നു.
ഓപ്പറേഷൻ തൂഫാൻ
ലഹരി മാഫിയകളെ അടിച്ചമർത്തുന്നതിനൊപ്പം ഇരകളെ പുനരധിവസിപ്പിക്കാനും ക്യാമ്പസുകളെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സമഗ്രപദ്ധതി. പദ്ധതിക്ക് നാല് പ്രധാന ഘടകങ്ങൾ
തൂഫാൻ സ്‌ട്രൈക്ക് : അതിർത്തി ചെക്ക്‌പോസ്റ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, കൊറിയർ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡും പരിശോധനയും
തൂഫാൻ കെയർ: ലഹരിക്ക് അടിമപ്പെട്ടവരോ ആദ്യമായി ഇതിൽ അകപ്പെട്ടുപോയവരോ ആയ യുവാക്കളെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ കൗൺസിലിംഗും ഡിഅഡിക്ഷൻ ചികിത്സയും നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരൽ.
തൂഫാൻ വാരിയേഴ്‌സ്: സ്‌കൂൾ കോളേജ് ക്യാമ്പസുകളെ ലഹരിമുക്ത മേഖലകളായി പ്രഖ്യാപിക്കുന്നതിനായി സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും വിദ്യാഭ്യാസ വകുപ്പിനെയും കോർത്തിണക്കിയുള്ള വിദ്യാർത്ഥി പ്രതിരോധ നിര.
ജനകീയ പ്രതിരോധം: ലഹരി വിൽപനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി പൊലീസിനെ അറിയിക്കാൻ പ്രത്യേക വാട്‌സ് ആപ്പ്, മൊബൈൽ ഹോട്ട്‌ലൈൻ നമ്പറുകൾ
ലഹരിക്ക് അടിമകളാകുന്ന യുവാക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യവും തൃശൂർ സിറ്റി പൊലീസിനുണ്ട്. ഇതിന് വിപുലമായ ഒരു ടീമും എനിക്കൊപ്പം സജ്ജമാണ്. അവരുടെ പരിശ്രമമാണ് പരിശോധന വിജയമാക്കുന്നത്. ലഹരി കൈവശം വെക്കുന്നവർ, കാരിയർമാർ, വിൽപ്പന നടത്തുന്നവർ, ഇവരുടെ അന്യസംസ്ഥാന ബന്ധങ്ങൾ, സംശയിക്കപ്പെടുന്നവരുടെ ഫോൺകോളുകൾ എന്നിവയെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്.
നകുൽ രാജേന്ദ്ര ദേശ്മുഖ്
സിറ്റി പൊലീസ് കമ്മീഷണർ, തൃശൂർ
എൻ.ഡി.പി.എസ് കേസുകൾ-75
പ്രതികൾ- 98
ജുഡീഷ്യൽ കസ്റ്റഡിയിൽ - 25
ആദ്യ ഒരാഴ്ചയിൽ പിടികൂടിയ ലഹരി വസ്തുക്കൾ
എം.ഡി.എം.എ - 23.10 ഗ്രാം
കഞ്ചാവ്- 755 ഗ്രാം
ഹാഷിഷ് ഓയിൽ- 4.85 ഗ്രാം
കഞ്ചാവ് ചെടി - 13 എണ്ണം
കഞ്ചാവ് സിഗരറ്റ് - 55
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |