SignIn
Kerala Kaumudi Online
Monday, 15 June 2026 1.42 AM IST

'നിയമനിർമാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നു'

1

തൃശൂർ: പാർലമെന്റിലും നിയമ നിർമാണ സഭകളിലും സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുവരികയാണെന്ന് സി.പി.എം മുതിർന്ന നേതാവ് വൃന്ദാ കാരാട്ട്. കഴിഞ്ഞ പാർലമെന്റിൽ 14 ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യം. ഈ സഭയിൽ അത് 13.6 ആയി. ഇ.എം.എസ് സ്മൃതിയിൽ 'ലോക്‌സഭയിലും നിയമസഭയിലുമുള്ള സ്ത്രീ പ്രാതിനിധ്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാന നിയമസഭകളിൽ സ്ത്രീ പ്രാതിനിധ്യം കുറയുന്നതിൽ ഏറെ നിരാശപ്പെടുത്തുന്ന കണക്ക് കേരളത്തിൽ നിന്നാണ്. ദേശീയ ശരാശരിയേക്കാൾ താഴെയാണത്. കേരള നിയമസഭയിൽ 7.6 ശതമാനം മാത്രമാണ് സ്ത്രീകൾ. തമിഴ്‌നാട്ടിലും അസമിലും എട്ട് ശതമാനമാണ്. പുതുച്ചേരി സഭയിൽ ഒരു സ്ത്രീ പോലുമില്ല. ഇതാണ് വർത്തമാന ഇന്ത്യയിലെ നാരീശക്തി മാതൃകയെന്നും വൃന്ദ പറഞ്ഞു.

ഇന്ത്യയിൽ എല്ലാക്കാലത്തും സ്ത്രീ സംവരണം അട്ടിമറിച്ചത് ബി.ജെ.പിയാണെന്നും അവർ കുറ്റപ്പെടുത്തി. 1996ൽ ദേശീയ മുന്നണി സർക്കാരിന്റെ കാലത്ത് സ്ത്രീ സംവരണബിൽ അവതരിപ്പിച്ചത് മുതൽ ഇന്നുവരെ ബില്ലിന് തുരങ്കം വയ്ക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച സ്ത്രീ സംവരണ ബിൽ മറ്റ് പല ആവശ്യങ്ങൾ നേടുന്നതിനുള്ള ആയുധമായാണ് പ്രയോഗിച്ചത്.

മണ്ഡല പുനർനിർണയവുമായും ജനസംഖ്യാ കണക്കെടുപ്പുമായും സ്ത്രീ സംവരണത്തെ കൂട്ടിക്കെട്ടിയത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ്. ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കി മണ്ഡല പുനർനിർണയത്തിലേക്ക് കടക്കുമ്പോഴേക്കും 2029ലെ തിരഞ്ഞെടുപ്പ് കഴിയുമെന്നും അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL