തൃശൂർ: റെയിൽവേ ട്രാക്ക് നവീകരണത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായി ട്രെയിനുകൾക്കിനി വേഗം കൂടും. തൃശൂർ ഉൾപ്പെടെയുള്ള മദ്ധ്യകേരളത്തിലെ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സെക്കന്തരാബാദ് - തിരുവനന്തപുരം എക്‌സ്പ്രസിന്റെ യാത്രാസമയത്തിൽ 110 മിനിറ്റാണ് (ഏകദേശം രണ്ട് മണിക്കൂർ) കുറവ് വരിക. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സമയം ലാഭിക്കാൻ കഴിയും. തൃശൂർ വഴി സർവീസ് നടത്തുന്ന ചെന്നൈ - എഗ്മൂർ - ഗുരുവയൂർ എക്‌സ്പ്രസിന്റെ യാത്രാസമയം 20 മിനിറ്റ് കുറയും.
തൃശൂരിലെ ഹ്രസ്വദൂര യാത്രക്കാർക്ക് ഗുണകരം
വിവിധ റൂട്ടുകളിലുള്ള മെമു ട്രെയിനുകളിലെ കോച്ചിന്റെ എണ്ണം 12ൽ നിന്നും 16 ആയി ഉയർത്തിയിട്ടുണ്ട്. തൃശൂരിലെ ഹ്രസ്വദൂര യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഇത് ഇടയാക്കും. തൃശൂർ വഴി സർവീസ് നടത്തുന്ന ബംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്‌സ്‌പ്രസ് പ്രധാന നേട്ടങ്ങളിലൊന്നാണ്. ട്രെയിനുകളുടെ നവീകരണത്തിനായി മാത്രം ഈ വർഷം 47 അധിക കോച്ചുകളാണ് റെയിൽവേ അനുവദിച്ചത്. മംഗളൂരു - തിരുവനന്തപുരം വന്ദേഭാരതിന്റെ ശേഷി ഇരട്ടിയാക്കി 16 കോച്ചുകളാക്കിയിട്ടുണ്ട്.
പുതിയ സ്റ്റോപ്പുകളും ട്രെയിൻ നീട്ടലും
കേരളത്തിലുടനീളം വടകര ഉൾപ്പെടെയുള്ള 150ലധികം സ്റ്റേഷനുകളിലായി വിവിധ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. മലബാർ മേഖലയിലേക്കുള്ള യാത്ര സുഗമമാക്കി മംഗളൂരു - സെൻട്രൽ കോഴിക്കോട് എക്‌സ്‌പ്രസ് പാലക്കാട്ടേക്കും കെ.എസ്.ആർ ബംഗളൂരു - കണ്ണൂർ എക്സ്‌പ്രസ് കോഴിക്കോട്ടേക്കും ദീർഘിപ്പിച്ചാതയി സൗത്തേൺ റെയിൽവേ അറിയിച്ചു.
ജില്ലയ്ക്ക് ലഭിച്ച നേട്ടങ്ങൾ
ഗുരുവയൂർ - തൃശൂർ പ്രതിദിന പാസഞ്ചർ
ജില്ലയിലെ പ്രമുഖ സ്റ്റേഷനുകളായ പൂങ്കുന്നം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
ഗുരുവയൂർ - തിരുവനന്തപുരം എക്‌സ‌്പ്രസിന് പൂങ്കുന്നത്ത് പുതിയ സ്റ്റോപ്പ്
ഇരിങ്ങാലക്കുട സ്റ്റേഷനിൽ തിരുനെൽവേലി - പാലക്കാട് എക്‌സ്‌പ്രസ്, മധുര - ഗുരുവയൂർ എക്‌സ്‌പ്രസ്, വിശാഖപട്ടണം - കൊല്ലം എക്‌സ്‌പ്രസ്, എന്നിവയ്ക്ക് സ്റ്റോപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |