
ചെറുതുരുത്തി: ഗുരുകുല സമ്പ്രദായത്തിൽ പഠനം നടത്തുകയും കലയെ വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് കലാമണ്ഡലം ശൈലി. എന്നാൽ കലാസംരക്ഷണ കാര്യങ്ങളിൽ ഇന്നത്തെ തലമുറ എത്രത്തോളം നീതിപുലർത്തിയെന്നതിന് ഉത്തരം, വട്ടപൂജ്യം..!
പാരമ്പര്യം വിട്ട് ആധുനികവത്കരണത്തിലേക്ക് അടുക്കുമ്പോൾ കലയുടെ പാരമ്പര്യവും നന്നേ കുറഞ്ഞു. ആദ്യകാലത്ത് കഥകളി, തുള്ളൽ, കൂടിയാട്ടം എന്നിവ കലാമണ്ഡലത്തിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ വയർ ശുദ്ധീകരിച്ചശേഷം വാട്ടവെള്ളവും കാച്ചിയ മോരും മാത്രമാണ് നൽകാറ്. പിന്നീട് ചവുട്ടി ഉഴിച്ചിലിനുള്ള തിരിക നിർമ്മിക്കാൻ വൈക്കോൽ ചുരുട്ടി, പനയോല ചുറ്റിയുള്ള പ്രവൃത്തികൾ തുടങ്ങും.
ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്ന എണ്ണ നഷ്ടപ്പെടാതിരിക്കാനാണ് തിരികയിൽ ഇരുത്തിയുള്ള തിരുമ്മൽ. സാധാരണ ജൂൺ 15ന് ആരംഭിക്കുന്ന ഉഴിച്ചിൽ ഓഗസ്റ്റ് 15 വരെ നീളും. ഓണാവധി കഴിഞ്ഞ് അദ്ധ്യായനം തുടങ്ങുമ്പോൾ സെപ്തംബർ 15 മുതലുള്ള ഉഴിച്ചിൽ ഒരു മാസം നീണ്ടുനിൽക്കും. ഈസമയം രണ്ട് തിരികകളാണ് ഉപയോഗിക്കുക. ഇതോടെ ഉഴിച്ചിൽ 90 ദിവസങ്ങൾ നീളും.
എല്ലാദിവസവും പുലർച്ചെ നാലിനാണ് ചവുട്ടി ഉഴിച്ചിൽ ആരംഭിക്കുക. 6.30 വരെ ഇത് തുടരും. നാലു കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്നതാകും അനുപാതം. എന്നാൽ ഇപ്പോൾ ആറ് കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്ന വിധത്തിലാണ്. പിന്നീട് എട്ടരയ്ക്ക് കലാപഠനം, ഉച്ചയ്ക്ക് രണ്ടിന് ശേഷം കലാപഠനം ആരംഭിക്കുന്ന വിധമാണ് പഴയരീതി.
ഉഴിച്ചിൽ വഴിപാടായി, മെയ് വഴങ്ങാതെ കലാകാരൻമാർ
ചാൻസലറും ഭരണസമിതിയും ഇടപെട്ടതിനെ തുടർന്ന് 21 ദിവസം മാത്രമാണ് ഇപ്പോൾ ഉഴിച്ചിൽ. അതും വേണമെങ്കിൽ മാത്രം മതിയെന്നായി. പുതുരീതികൾ കലാകാരൻമാർക്ക് മെയ് വഴക്കം ഇല്ലാതാക്കുന്നുവെന്നാണ് പഴയ അദ്ധ്യാപകരുടെ വിലയിരുത്തൽ.
മുഴുവൻ സമയവും കലാവിഷയം പഠിപ്പിച്ച് കലാകാരെ വാർത്തെടുക്കുന്നതിൽ മുൻപെല്ലാം ശ്രദ്ധ നൽകിയിരുന്നു. കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കലാമണ്ഡലം ഗോപി ആശാൻ തുടങ്ങിയ പ്രഗൽഭർ ഇനിയും സൃഷ്ടിക്കപ്പെടുമോയെന്നാണ് ആശങ്ക.
പുതിയ ഭരണസമിതികൾ മാറുന്നതിനനുസരിച്ച് ബിരിയാണി പോലുള്ള ഭക്ഷണപരിഷ്കാരങ്ങളും മാറ്റങ്ങളും നല്ല കലാകാരന്മാരുടെ പിറവിക്ക് തടസമാകുമെന്നാണ് പഴയ അദ്ധ്യാപകരുടെ അഭിപ്രായം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |