തൃശൂർ: സർക്കാരിന്റെ ഭരണാനുമതി പോലുമില്ലാതെ തറക്കല്ലിട്ട തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം നീളും. പ്ലാൻ മാറ്റേണ്ടിവരുമെന്നാണ് സൂചന. മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോ നവീകരണം പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പഴയ കെട്ടിടം പൊളിച്ചത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
നവകേരള സദസിലൂടെ അനുവദിച്ച ഏഴുകോടിയും മൂന്ന് കോടിയോളം എം.എൽ.എ ഫണ്ടും ഉപയോഗിച്ചാണ് ആധുനിക രീതിയിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇന്നലെ വരെ ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് സ്ഥലം സന്ദർശിച്ച രാജൻ പല്ലൻ എം.എൽ.എ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെട്ടിടം പൊളിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. കെ.എസ്.ആർ.ടി.സിക്ക് വരുമാനം ലഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകൾ പോലും ഇല്ലാതെയാണ് 3.21 എക്കർ സ്ഥലത്തെ പ്ലാൻ.
പ്ലാനിലെ മാറ്റങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. ഇപ്പോഴത്തെ പ്ലാൻപ്രകാരമുള്ള നിർമ്മാണത്തിന് 12 കോടിയിലേറെ ചെലവാകും. എം.എൽ.എക്കൊപ്പം കൗൺസിലർമാരായ ലാലി ജയിംസ്, മേഫി ഡെൻസൺ, ഷിബു പൊറത്തൂർ, ജോയ് ബാസ്റ്റ്യൻ എന്നിവരുമുണ്ടായിരുന്നു.
ടെൻഡർ നീളും
ചെലവ് 12 കോടിയിലേറെയാകുമെന്നതിനാൽ ടെൻഡറിന് മാസങ്ങളെടുക്കും. അതിവേഗം നിർമ്മിച്ചാലും ഒന്നരക്കൊല്ലത്തിലേറെയാകും. ദീർഘവീക്ഷണമില്ലാതെയാണ് സ്റ്റാൻഡിലെ പെട്രോൾ ബങ്ക് നിർമ്മാണമെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
മൂന്നുനില കെട്ടിടം
മൂന്നുനില കെട്ടിടമാണ് പി.ഡബ്ല്യു.ഡി പദ്ധതിയിലുള്ളത്. കോഴിക്കോട് ഭാഗത്തെ ബസുകൾക്കും തിരുവനന്തപുരം, പാലക്കാട് ഭാഗത്തെ ബസുകൾക്കും രണ്ട് വശത്ത് പാർക്കിംഗ്, പ്രത്യേകം കവാടം, വെയിറ്റിംഗ് ഏരിയ, ഇരിപ്പിടം, ബസ് വിവരങ്ങൾക്ക് ഡിസ്‌പ്ലേ ബോർഡ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ഒരേസമയം 20 ബസ് പാർക്ക് ചെയ്യുന്നതിനും 12 ബസുകൾക്ക് കയറിയിറങ്ങിപ്പോകുന്നതിനും സൗകര്യമുണ്ടാകും.
വെയിലും മഴയും പണിയാകും
ദീർഘവീക്ഷണവുമില്ലാതെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വെയിലത്തും മഴയിലും ദുരിതം. മഴപെയ്താൽ ചെളിക്കുളമായി പുറത്തേക്കിറങ്ങാനും കഴിയുന്നില്ല.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരിതം മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ബോദ്ധ്യപ്പെടുത്തും. ഗതാഗത മന്ത്രിയെ സ്ഥലത്ത് കൊണ്ടുവരും.
- രാജൻ പല്ലൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |