
വടക്കാഞ്ചേരി : വാഴാനി ഡാമിൽ 2025 ഫെബ്രുവരി 17ന് അന്നത്തെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമ്മാണോദ്ഘാടനം നിർവഹിച്ച 'സംഗീതം പൊഴിക്കും ജലധാര' (മ്യൂസിക്കൽ ഫൗണ്ടൻ) പദ്ധതിക്ക് മേൽ ആശങ്കയുടെ കരിനിഴൽ. 2025 ഒക്ടോബർ 22ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയെങ്കിലും അതോടെ പ്രവർത്തനം നിലച്ചു. കരാർ ഏറ്റെടുത്ത കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) ഇതുവരെ പദ്ധതിക്കായി മുടക്കിയത് മൂന്ന് കോടിയോളം രൂപയാണ്. ബംഗളൂരു ആസ്ഥാനമായ ബി.എൻ.എയാണ് ഉപകരാറുകാർ. 5.99 കോടി രൂപ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് ജലധാര നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. മുടക്കിയ പണം പോലും ലഭിക്കാതായതോടെ നിർമ്മാണം സ്തംഭിച്ച് കിടപ്പാണ്. 85 ശതമാനം പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എ.സി. മൊയ്തീൻ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് സംഗീത ജലധാര അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. ആഗസ്റ്റിൽ നിർമ്മാണം പുനരാരംഭിക്കാനുള്ള പണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വികസനച്ചിറകിന് തിരിച്ചടി
പൂൾ, കൺട്രോൾ റൂം നിർമ്മാണം, പ്ലംബിംഗ് സിവിൽ പ്രവൃത്തികൾ, ഇലക്ട്രിഫിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് മ്യൂസിക്കൽ ഫൗണ്ടൻ ഡിസൈൻ, സപ്ലൈ ഇൻസ്റ്റലേഷൻ ആൻഡ് ടെസ്റ്റിംഗ്, മൾട്ടി മീഡിയ ഷോ, ലേസർ ആൻഡ് വീഡിയോ പ്രൊജക്ഷൻ ഓൺ അക്വാ സ്‌ക്രീൻ എന്നിവ ഉൾപ്പെട്ട പദ്ധതിയാണ് സംഗീത ജലധാര. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റം വിഷയമായ 3 സ്റ്റോറികൾ പ്രദർശിപ്പിക്കും. കേരളം, തൃശൂർ, വാഴാനി ചരിത്രവും സ്‌ക്രീനിലെത്തും. സാഹിത്യ കലാ സാംസ്‌കാരിക ചരിത്രകാരന്മാരെ ഉൾപ്പെടുത്തി 15 മിനിറ്റ് ദൈർഘ്യമുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കിയതായി അവകാശപ്പെടുന്നു.
വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്
സംഗീത ജലധാര നിർമ്മാണത്തിൽ വൻ അഴിമതിയെന്ന് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി. സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ സംസ്ഥാന, ജില്ലാ വിജിലൻസ് മേധാവികൾക്ക് പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |