
നൂറുക്കണക്കിന് രോഗികൾ ദുരിതത്തിൽ, ഒ.പി നിലച്ചിട്ട് രണ്ടാഴ്ച്ച
തൃശൂർ: നൂറുക്കണക്കിന് രോഗികൾക്ക് ആശ്രയമായ മെഡിക്കൽ കോളേജിലെ റുമറ്റോളജി ക്ലിനിക് അടച്ച് പൂട്ടിയിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. തുറന്നു പ്രവർത്തിപ്പിക്കാൻ ഇതുവരെയും നടപടിയായില്ല. വിദഗ്ധ ഡോക്ടറുടെ അഭാവത്തിലാണ് കാലങ്ങളായി പ്രവർത്തിച്ചിരുന്ന വാതരോഗ വിഭാഗം പൂട്ടിയത്. നേരെത്തെ ചൊവ്വാഴ്ച്ചയായിരുന്ന ഒ.പി ഒരുവർഷം മുമ്പാണ് ശനിയാഴ്ച്ചയിലേക്ക് മാറ്റിയത്. തൃശൂർ, പാലക്കാട്, മലപ്പുറം,എറണാകുളം ജില്ലകളിൽ നിന്നായി ശരാശരി 350 ഓളം പേർ എത്താറുണ്ട്. ചുരുങ്ങിയ ചെലവിൽ ചികിത്സ ലഭിച്ചിരുന്നതാണിപ്പോൾ മുടങ്ങിയത്. ഇതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി ഭീമമായ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. ലൂപ്പ്‌സ്, സ്‌ക്ലിറോഡർമ്മ, വാസ്‌കുലൈറ്റിസ്,ആൻകൈ കലോസിംഗ്‌സ്‌പോണ്ടിലോസിസ് എന്നീ രോഗങ്ങൾക്ക് ചികിത്സ നൽകിയിരുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പദ്ധതി വഴി 35ഓളം ചെറുപ്പക്കാർക്ക് വിലകൂടിയ ബയോളജിക്കൽ ചികിത്സ സൗജന്യമായി നൽകാനും സാധിച്ചിരുന്നു. റുമറ്റോളജി വിഭാഗത്തിന്റെ അടിത്തറ ഇളക്കുന്ന നടപടിയിൽ നിന്ന് അധികൃതർ പിൻമാറമെന്നാണ് ചികിത്സ തേടിയെത്തുന്നവർ പറയുന്നത്. ക്ലീനിക്ക് ഉടൻ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യവും ഉയരുന്നു.
20വർഷമായി പ്രവർത്തിക്കുന്നു
രണ്ട് പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന റുമറ്റോളജി വിഭാഗം നിറുത്താൻ നേരത്തെയും ശ്രമങ്ങൾ നടന്നിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. 150തരം വാതരോഗങ്ങളിൽ ഭൂരിഭാഗത്തിനും ഇവിടെ നിന്ന് ചികിത്സ ലഭിച്ചിരുന്നു. നേരത്തെ ജൂനിയർ ഡോക്ടർമാർക്ക് പരിശീലനവും നൽകിയിരുന്നു. കുട്ടികളുടെ കണ്ണുകളിൽ വരുന്ന വാതരോഗങ്ങൾക്കുൾപ്പടെ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |