
തൃശൂർ: ജില്ലാ റൈഫിൾ അസോസിയേഷന്റെ ഓഫീസിലേക്കും ഷൂട്ടിംഗ് റേഞ്ചിലേക്കുമുള്ള വൈദ്യുതി വിതരണം ബോധപൂർവ്വം വിച്ഛേദിച്ചതാണെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് സ്‌പോർട്‌സ് കൗൺസിൽ കെട്ടിടത്തിനുള്ളിൽ വെച്ചുതന്നെ കേബിൾ മുറിച്ചു മാറ്റിയ വിവരം സ്ഥിരീകരിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിഭാഗം അസി. എൻജിനീയർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ജീവനക്കാർ, ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കെട്ടിടത്തിലെ മീറ്ററിംഗ് പാനലിൽ നിന്നും റൈഫിൾ അസോസിയേഷനിലേക്ക് പോകുന്ന പ്രധാന കേബിൾ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ വെയ്റ്റ് ലിഫ്റ്റിംഗ് ട്രെയിനിംഗ് സെന്ററിലെ പരിശീലന മുറിയിലൂടെയ് കടന്നുപോകുന്നത്.സ്‌പോർട്‌സ് കൗൺസിൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ ട്രെയിനിംഗ് സെന്ററിൽ കയറി പരിശോധിച്ചപ്പോഴാണ്, റൈഫിൾ അസോസിയേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന പ്രധാന കേബിൾ രണ്ട് കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്. മുറിച്ച രണ്ട് ഭാഗങ്ങളിലും ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് വൈദ്യുതി ബന്ധം പൂർണ്ണമായും തടസ്സപ്പെടുത്തിയ നിലയിലായിരുന്നു. മീറ്ററിംഗ് പാനലിൽ ഫ്യൂസുകളും സ്വിച്ചുകളും കേടുകൂടാതെ ഉണ്ടായിരുന്നിട്ടും, കേബിൾ മനഃപൂർവ്വം മുറിച്ചുമാറ്റിയതാണ് റൈഫിൾ അസോസിയേഷനിലെ ഡിസ്ട്രിബ്യൂഷൻ ബോർഡിൽ വൈദ്യുതി ലഭിക്കാതിരിക്കാൻ കാരണമായതെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് സ്‌കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് റൈഫിൾ അസോസിയേഷൻ കോടതിയെ സമീപിച്ചത്. മത്സരങ്ങൾ തടസ്സമില്ലാതെ നടത്താൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സ്വന്തം ചെലവിൽ ജനറേറ്റർ എത്തിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ, റൈഫിൾ അസോസിയേഷന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിൽ സ്‌പോർട്‌സ് കൗൺസിൽ ഭാഗത്തുനിന്നുള്ള ആസൂത്രിത ഇടപെടലാണെന്ന വാദം ശരിവെക്കുന്നതാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ ഔദ്യോഗിക റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |