
തൃശൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന് മേൽക്കൈ. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് തദ്ദേശ വാർഡുകളിൽ മൂന്നിലും യു.ഡി.എഫ് അനുകൂല സ്ഥാനാർത്ഥികൾക്ക് വിജയം.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി രവീന്ദ്രൻ 2,343 വോട്ടുകൾ നേടി വിജയിച്ചു. സി.പി.എം സ്ഥാനാർത്ഥി കെ.എസ്. വിജയവത്സലൻ 2,173 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി രാജേഷ്‌കുമാർ 466 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥികളായ വി.എൽ.രവീന്ദ്രൻ 62 വോട്ടുകളും നേടി.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി വാർഡിൽ സി.പി.ഐ.സ്ഥാനാർത്ഥി രമേഷ് വി.ആർ. 2884 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥി ബിജോയ് കളരിക്കൽ 1637 വോട്ടുകളും ഐ.എൻ.സി.സ്ഥാനാർത്ഥി ശ്രീനാഥ് ഇ.എൻ. 924 വോട്ടുകളും നേടി.
ചേലക്കര ഗ്രാമപഞ്ചായത്തിലെ കുറുമല കിഴക്കുമുറി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി രജിത നെച്ചിക്കോട്ടിൽ 550 വോട്ടുകൾ നേടി വിജയിച്ചു. സി.പി.എം സ്ഥാനാർത്ഥി ബാലകൃഷ്ണൻ 477 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി രഞ്ജിത്ത് ആളണ്ണൂർ 327 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.ആർ. മഹേഷ് 18 വോട്ടുകളും എം.കെ.ബാലകൃഷ്ണൻ 6വോട്ടുകളും നേടി.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ ആര്യംപാടം വാർഡിൽ സി.പി.എം സ്ഥാനാർത്ഥി വിജി കൃഷ്ണഘോഷ് 477 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് അന്തിക്കാട്ട് 448 വോട്ടുകളും ആർ.എം.പി.ഐ. സ്ഥാനാർത്ഥി ബൈജു നമ്പികാര്യാട്ട് 152വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി മെഹബൂബ് നാല് വോട്ടുകളും നേടി. ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് വാർഡിൽ 559വോട്ടുകൾ നേടി ഐ.എൻ.സി. സ്ഥാനാർത്ഥി വി.ഒ.പൈലപ്പൻ വിജയിച്ചപ്പോൾ സ്വതന്ത്ര സ്ഥാനാർത്ഥി ലിജോ ലൂയിസ് 214വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി പി.പി.സത്യൻ (പുന്നക്കൊടിയിൽ സത്യൻ) 19വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ചെതലൻ എട്ട് വോട്ടുകളും നേടി.
യു.ഡി.എഫ് സമ്പൂർണ ആധിപത്യത്തിലേക്ക്: ജോസഫ് ടാജറ്റ്
ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സമ്പൂർണ ആധിപത്യത്തിലേക്ക് കുതിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രകടമായ മാറ്റത്തിന്റെ തുടർച്ചയാണ് ഈ വൻ വിജയമെന്നും പറഞ്ഞു.
കൂടാതെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലും ചാലക്കുടി നഗരസഭയിലും അഭിമാനകരമായ വിജയം കരസ്ഥമാക്കാനായി. യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനങ്ങൾക്കും ജനകീയ നിലപാടുകൾക്കും ലഭിച്ച അംഗീകാരമാണിതെന്നും വിജയത്തിനായി അണിനിരന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് വോട്ട് മറിച്ചെന്ന് ജസ്റ്റിൻ ജേക്കബ്
തളിക്കുളം ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ യു.ഡി.എഫ് വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചുനൽകിയെന്ന് ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്. ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ ഇരുമുന്നണികളും കൈകോർക്കുന്നതിന്റെ തെളിവാണ് തളിക്കുളത്തെ ഫലം. 2025ൽ 224 വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ 152 വോട്ട് മാത്രമാണ് ലഭിച്ചത്. ഈ വോട്ടുചോർച്ചയിലാണ് എൽ.ഡി.എഫ് വോട്ട് 354ൽ നിന്ന് 477 ആയി ഉയർന്നത്.
അതേസമയം, ഒരു വർഷത്തിനിടെ ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ 99 വോട്ടിന്റെ വർദ്ധനയുണ്ടായതായും 2025ൽ ലഭിച്ച 349 വോട്ടിൽ നിന്ന് ഇത്തവണ 448 ആയി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |