
തൃശൂർ: കുറുപ്പം റോഡ് നടപ്പാത നിർമ്മാണത്തിന് ഒടുവിൽ വഴങ്ങി വ്യാപാരികൾ. കഴിഞ്ഞ ദിവസം കോർപ്പറേഷൻ അധികൃതരും വ്യാപാരി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് വ്യാപാരികൾ മുൻനിലപാടിൽ അയവ് വരുത്തിയത്. മണികണ്ഠനാലിൽ നിന്നുള്ള 50മീറ്റർ നടപ്പാത ആദ്യം നിർമ്മിച്ച ശേഷം വ്യാപാരികൾ സംതൃപ്തരെങ്കിൽ മാത്രമേ മുന്നോട്ടുപോകൂവെന്ന കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ വ്യാപാരികൾ അംഗീകരിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുൻപേ ഇതേ കാര്യം വ്യാപാരികൾ അംഗീകരിച്ചിരുന്നില്ല. ബലക്ഷയമുള്ള കാനയ്ക്ക് മുകളിൽ സ്ലാബുകളിട്ടുള്ള നിർമ്മാണം അശാസ്ത്രീയമാണെന്നായിരുന്നു വ്യാപാരിവാദം. വ്യാപാരികളുടെ പരാതിയെത്തുടർന്ന് സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ മേയർ ഡോ.നിജി ജസ്റ്റിനും കരാറുകാരനും ചെട്ടിയങ്ങാടിക്ക് സമീപമുള്ള അശാസ്ത്രീയത പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. എന്നാൽ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികളുടേത്. പി.ഡബ്‌ളിയു.ഡി വിഭാഗവും എൻജിനീയറിംഗ് കോളേജിലെ വിദഗ്ദ്ധസംഘവും പരിശോധിച്ച് നിർമ്മാണം സാധൂകരിച്ചു. ഇതോടെയാണ് വ്യാപാരികൾ വഴങ്ങിയത്. സെപ്തംബർ 14ന് ആദ്യ യോഗം വിളിച്ചെങ്കിലും അന്ന് വ്യാപാരികൾ അസൗകര്യം അറിയിച്ച് പിൻമാറി. മറ്റൊരു യോഗം നടത്തിയെങ്കിലും ഫലവത്തായില്ല.തുടർന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ജോഷി തേറാട്ടിൽ, എ.ആർ.രഘു, സെബി വർഗീസ്, ബിജു കാട്ടൂക്കാരൻ, ആന്റോ തോട്ടാൻ തുടങ്ങിയവരുമായി തിങ്കളാഴ്ച കോർപ്പറേഷൻ അധികൃതർ ചർച്ച നടത്തിയത്. മണികണ്ഠനാൽ മുതൽ മെട്രോ ആശുപത്രി വരെയുള്ള കുറുപ്പം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാന തുറന്ന് ശുചീകരിച്ച് സ്ലാബിട്ടുള്ള നടപ്പാത നിർമ്മാണമായിരുന്നു തടസപ്പെട്ടത്.
പുതുവർഷത്തിൽ വഴി നടക്കാം
വ്യാപാരികൾ സമ്മതിച്ചതോടെ ഒക്ടോബർ ആദ്യം തന്നെ നിർമ്മാണം പുനരാരംഭിച്ചേക്കും. തുടർതടസങ്ങളില്ലാതെ വന്നാൽ 2027 പുതുവർഷത്തിന് മുൻപേ നിർമ്മാണം പൂർത്തിയാക്കാനാകും. കാന നികത്തി, നടപ്പാതയില്ലാതെ നിർമ്മിച്ച കുറുപ്പം റോഡ് ആഗസ്റ്റ് 2025ൽ തുറന്നെങ്കിലും തുടർപ്രവൃത്തികൾക്ക് കരാറുകാരനെ കിട്ടിയിരുന്നില്ല. 2026മേയിൽ കരാറുകാരനെ കിട്ടിയെങ്കിലും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് വീണ്ടും നീണ്ടു. സ്വരാജ് റൗണ്ട് മുതലുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് മൂന്നടി വീതിയിൽ നടപ്പാത നിർമ്മിക്കുക. 250മീറ്റർ വീതമുള്ള നാലു റീച്ചുകളാണ് ആദ്യഘട്ടം. നടപ്പാതയ്ക്കിടയിൽ ഓരോ 15 മീറ്ററിലുമുള്ള ഗ്രിൽ മാൻഹോൾ വഴി വെള്ളം കാനയിലേക്ക് ഇറങ്ങുംവിധമാണ് നിർമ്മാണം. ആകെ 137 മാൻഹോളുകളുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |