
90% പണികൾ പൂർത്തിയായി, കമ്മിഷനിംഗ് ഒന്നര മാസത്തിനകം
തൃശൂർ: ജൈവമാലിന്യങ്ങളിൽ നിന്ന് ഹരിതോർജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപന (യു.എൽ.ബി) ഉടമസ്ഥതയിലുള്ള ബയോ സി.എൻ.ജി പ്ലാന്റ് ഒന്നര മാസത്തിനകം തൃശൂരിൽ പ്രവർത്തനം തുടങ്ങും. കൊച്ചി ബ്രഹ്മപുരത്ത് 150ടൺ സംസ്കരിക്കാവുന്ന ബയോ സി.എൻ.ജി പ്ലാന്റ് ഫെബ്രുവരിയിൽ ആരംഭിച്ചെങ്കിലും ബി.പി.സി.എല്ലുമായി സഹകരിച്ചാണിത്. തൃശൂരിലേത് പൂർണമായും തൃശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്. ശക്തൻ സ്റ്റാൻഡിന് സമീപം അശോക ഇന്നിന് മുൻവശത്ത് പ്ലാന്റിന്റെ 90ശതമാനത്തോളം നിർമ്മാണവും പൂർത്തിയായി.
നിത്യേന വരുമാനം ഒന്നരലക്ഷം
നിത്യേന ഒന്നരലക്ഷം ടൺ സി.എൻ.ജി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിലൂടെ ഒന്നരലക്ഷത്തിലേറെ രൂപ കോർപ്പറേഷന് വരുമാനം നേടാനാകും. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി തന്നെയാണ് പുതിയ പ്ലാന്റിലും ഉത്പാദിപ്പിക്കുന്നത്. ഒരു കിലോയ്ക്ക് 102.5 രൂപയാണ് ഇപ്പോഴത്തെ സി.എൻ.ജി വില. ജൈവവളം വില്പനയിലൂടെയും വരുമാനം നേടാനാകും.
30ടൺ മാലിന്യം സംസ്‌കരിക്കാം
പ്രതിദിനം 30ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ട്. ചന്തകൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിലെ ജൈവമാലിന്യം സംസ്‌കരിച്ച് ഉപയുക്തമാക്കാൻ ഇതിലൂടെ കഴിയും. ഡൈജസ്റ്റർ, പ്യൂരിഫിക്കേഷൻ യൂണിറ്റുകൾ വഴി നിർമ്മിക്കുന്ന വാതകം കാസ്‌കേഡ് യൂണിറ്റ് വഴി സിലിണ്ടറുകളിലും പമ്പുകളിലും നിറച്ച് സി.എൻ.ജി ഇന്ധനമായും പാചകവാതകമായും വിതരണം ചെയ്യും.
1.5ടൺ ബയോ സി.എൻ.ജി, 2.75 ടൺ ജൈവ വളം
12കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ 45% തുക സ്വച്ഛ് ഭാരത് മിഷൻ ഗ്രാന്റിൽ നിന്നും ബാക്കി 55%കോർപ്പറേഷൻ തനത് ഫണ്ടിൽ നിന്നുമാണ് വിനിയോഗിക്കുന്നത്. സി.എൻ.ജി പ്ലാന്റിൽ 1.5ടൺ ബയോ സി.എൻ.ജിയും 2.75 ടൺ ജൈവവളവും പ്രതിദിനം ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 5മുതൽ 10വർഷം വരെ നിർമ്മാണ കമ്പനി തന്നെ പ്രവൃത്തിയും പരിപാലനവും നിർവഹിച്ച ശേഷം കോർപ്പറേഷന്റെ ആരോഗ്യവിഭാഗത്തിന് പ്ലാന്റ് കൈമാറും. ശക്തൻസ്റ്റാൻഡിന് സമീപവും കൂർക്കഞ്ചേരിയിലുമുള്ള ഒ.ഡബ്ല്യു.സി പ്ലാന്റുകളുടെ പ്രവർത്തനം മൂലം പ്രദേശം ദുർഗന്ധപൂരിതമാണ്.
ബയോ സി.എൻ.ജി പ്ലാന്റ്
സംസ്ഥാനത്തെ ആദ്യ യു.എൽ.ബി പദ്ധതി
സംസ്‌കരണ ശേഷി: പ്രതിദിനം 30ടൺ ജൈവമാലിന്യം
ആകെ പദ്ധതി ചെലവ്: 12 കോടി
90% നിർമ്മാണം പൂർണം, ഒന്നര മാസത്തിനകം കമ്മിഷനിംഗ്
നിർമ്മാണച്ചുമതല: പൂനെയിലെ ഇ.ടി.സി കമ്പനിക്ക്
ഗുണം
മാലിന്യപ്രശ്‌നങ്ങൾക്ക് പരിഹാരം.
പഴയ സാങ്കേതികവിദ്യ മൂലമുള്ള ദുർഗന്ധവും പരാതികളും ഇല്ലാതാകും.
പാചകത്തിനും സി.എൻ.ജി പമ്പുകൾ വഴി വാഹനങ്ങൾക്കും വിതരണം ചെയ്യാം.
5-10 വർഷത്തെ കരാർ കമ്പനി പരിപാലനം, തുടർന്ന് ആരോഗ്യവിഭാഗത്തിന് കൈമാറും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |