
മറയൂർ: പിടിച്ചെടുത്തതും വീണതുമായ കോടികൾ വിലമതിക്കുന്ന ചന്ദനം മറയൂരിൽ ലേലത്തിന്.
169 ലോട്ടുകളിലായി 68.632 ടൺ ചന്ദനമാണ് ഇ- ലേലത്തിനായി ഒരുക്കിയിട്ടുള്ളത്. 13, 14 തീയതികളിൽ നാല് ഘട്ടങ്ങളിലായി നടക്കുന്ന ഇ ലേലത്തിന്റെ ചുമതല കൊൽക്കത്ത ആസ്ഥാനമായ മെറ്റൽ ആൻഡ് സ്‌കാർപ്പ് ട്രേഡിംഗ് കമ്പനിക്കാണ്.
ആവശ്യമായ രേഖകൾസഹിതം നിരതദ്രവ്യം അടയ്ക്കുന്നവർക്ക് ലേലത്തിൽ പങ്കെടുക്കാം. 18 ശതമാനം ജി.എസ്.ടി, 5 ശതമാനം ഫോറസ്റ്റ് ഡവലപ്‌മെന്റ് ടാക്‌സ്, 2 ശതമാനം സാധാരണ ടാക്‌സ് എന്നിങ്ങനെ 25 ശതമാനം നികുതി കൂടി അധികമായി കൊടുക്കേണ്ടിവരും. ഈ വർഷത്തെ രണ്ടാമത്തെ ലേലമാണിത്. മാർച്ച് 15, 16 തീയതികളിലായിരുന്നു അവസാനം ലേലം നടന്നത്. രണ്ട് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളായി നടന്ന ലേലത്തിൽ 31 കോടിയുടെ ചന്ദനമാണ് വിറ്റുപോയത്.
കൊവിഡിന് മുമ്പ് 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ഇ ലേലത്തിലൂടെ സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്. ക്ഷേത്രങ്ങൾക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതിൽ പങ്കെടുക്കുന്നവർ ചുരുക്കമാണ്. ചെറിയ സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കുമായി ചെറിയ അളവിലും ലോട്ടുകൾ ഒരുക്കിയിട്ടുണ്ട്.
വീണവയും പിടിച്ചെടുത്തവയും
ലേലത്തിൽ പൊതുവെ വില്പനയ്ക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്. ഇതിന് പുറമേ കള്ളകടത്തുകാരിൽ നിന്ന് പിടികൂടുന്ന ചന്ദനവും ലേലത്തിൽ വയ്ക്കാറുണ്ട്.
ജയ് പൊഗൽ, ചൈന ബുദ്ധ് ...
ക്ലാസ് ആറ് വിഭാഗത്തിൽപ്പെടുന്ന ബഗ്രദാദ് ചന്ദനം 20 ലോട്ടുകളിലായി 8.055 ടൺ ലേലം ചെയ്യും. പത്താം ക്ലാസിൽപ്പെടുന്ന ജയ് പൊഗൽ ചന്ദനം 10 ലോട്ടുകളിലായി 8.179 ടൺ ഉണ്ട്. അഞ്ചാം ക്ലാസിൽപ്പെട്ട ഗാട്ട് ബഡ്‌ല 4.481 ടണ്ണും മൂന്നാം ക്ലാസിലെ പഞ്ചം 3.150 ടണ്ണും ചന്ദനവേരുകൾ 3.642 ടണ്ണും രണ്ടാംക്ലാസിലെ ചൈന ബുദ്ധ് 500 കിലോയും നാലാംക്ലാസിലെ ഗോഡ്‌ല 258 കിലോയുമാണ് ലേലത്തിന് ഒരുക്കിയത്. മിക്‌സഡ് ചിപ്‌സ് 6.335 ടണ്ണുമുണ്ട്. വെള്ളച്ചന്ദന തടികൾ (സാപ്പ് വുഡ് ബില്ലറ്റ്‌സ്) 15 ടണ്ണും ചിപ്‌സ് 17.5 ടണ്ണും വെച്ചിട്ടുണ്ട്.
80
കൊവിഡിന് മുമ്പ് ലേലത്തിലൂടെ
സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്
80 കോടി രൂപ വരെ
31
ഈ വർഷം വിറ്റുപോയത്
31 കോടിയുടെ ചന്ദനം
സ്ഥിരം വാങ്ങുന്ന കമ്പനികൾ
കർണാടകത്തിലെ പൊതുമേഖല സ്ഥാപനമായ കർണ്ണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയാണ് എല്ലാ വർഷവും ഏറ്റവും കൂടുതൽ ചന്ദനം ലേലത്തിൽ പിടിക്കുന്നത്. കഴിഞ്ഞ ലേലത്തിൽ 90 ശതമാനവും വാങ്ങിയത് ഇവരാണ്. ജയ്പൂർ സി.എം.ടി ആർട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്പൂർ ക്ലൗഡ്, കേരള ഹാൻഡി ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റെ് കോർപ്പറേഷൻ, കോട്ടയം മണക്കാട്ട് അയ്യപ്പ ക്ഷേത്രം ട്രസ്റ്റ്, തൃശൂർ ഔഷധി, കർണ്ണാടക ഹാൻഡി ക്രാഫ്റ്റ് സ്, മുളികുളങ്ങര കളരിക്കൽ ഭഗവതി ദേവസ്വം, തൃശൂർ ശ്രീ സീതാരാമസ്വാമി ക്ഷേത്രം, മൂന്നാർ കെ.എഫ്.ഡി.സി, അഡാർച്ചെ ട്രസ്റ്റ്, എറണാകുളം അംബുജ സെന്റർ എന്നിവരും ഇ- ലേലത്തിൽ കഴിഞ്ഞവർഷങ്ങളിൽ പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |