SignIn
Kerala Kaumudi Online
Thursday, 23 July 2026 3.42 PM IST

'ജീവിതം തുലച്ചുകളയും'; വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി   പൊലീസ് ഉദ്യോഗസ്ഥൻ

mumbai-cop
വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന് പൊലീസ് ഉദ്യോഗസ്ഥൻ

മുംബയ്: കോക്ക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ മുംബയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുംബയ് പൊലീസ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസുകാരന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മുംബയ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈതാൻ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിദ്യാർത്ഥി-ബഹുജന പ്രക്ഷോഭങ്ങൾ നടക്കുകയാണ്.

പ്രതിഷേധം നടക്കുന്ന സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പൊലീസ് വാനിൽ കൊണ്ടുപോകുമ്പോഴാണ് മുന്നിലിരിക്കുന്ന ഉദ്യോഗസ്ഥൻ വിദ്യാർത്ഥികളോട് ഭീഷണി മുഴക്കുന്നത്. ഇനിയൊരിക്കലും സമരത്തിന് ഇറങ്ങരുതെന്നും ഉടൻ വീട്ടിലേക്ക് മടങ്ങണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുണ്ട്. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും ഉദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നത് കാണാം.

'ഇനിയും നിങ്ങളെ ആരയെങ്കിലും ഇവിടെ കണ്ടാൽ ജീവിതം തുലച്ചുകളയും. ബാഗുകളിൽ മയക്കുമരുന്ന് വച്ച് കേസാക്കും. അതോടെ എല്ലാത്തിെെന്റെയും ഭാവി നശിക്കും,'-പൊലീസുകാരൻ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല വിദ്യാർത്ഥികളുടെ സമരം കാരണം തങ്ങളുടെ ജോലിയിലുള്ള സമാധാനം നഷ്ടപ്പെട്ടതായും ഇയാൾ പറയുന്നുണ്ട്.

വീഡിയോ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ സംഭവം അന്വേഷിക്കാൻ മുംബയ് പൊലീസ് ഉത്തരവിട്ടു. ദൃശ്യങ്ങളുടെ വിശ്വസ്യത പരിശോധിച്ചു വരികയാണെന്നും അന്വേഷണ വിധേയമായി വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, പൊലീസിന്റെ ഭീഷണിക്കെതിരെ രൂക്ഷവിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. 'പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കി ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കുമെന്ന് മുംബയ് പൊലീസ് ഭീഷണിപ്പെടുത്തുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. സംഭവം സത്യമാണെങ്കിൽ, അത് വിദ്യാർത്ഥികളെ ഭയപ്പെടുത്താൻ മാത്രമല്ല, ജനാധിപത്യപരമായ അവകാശങ്ങൾക്ക് മേലുള്ള നേരിട്ടുള്ള ആക്രമണമാണ്. ശബ്ദമുയർത്തുന്നത് കുറ്റകൃത്യമല്ല. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണിയല്ല, ഉത്തരവാദിത്തമുള്ള മറുപടിയാണ് നൽകേണ്ടത്,'- കോൺഗ്രസ് എക്സിൽ കുറിച്ചു.

English Summary

A video has surfaced showing a Mumbai police officer threatening students, protesting under the leadership of the "Cockroach Janata Party" (CJP) online collective, with false drug charges if they continue their agitation. The officer warned detained students in a police van. Mumbai Police ordered an investigation, verifying the video's authenticity, and suspended the officer involved pending inquiry.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUMBAI POLICE, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360