SignIn
Kerala Kaumudi Online
Saturday, 24 October 2026 5.55 PM IST

കേരളം പിടിക്കാൻ റിവർ ഇലക്ട്രിക് സ്‌കൂട്ടർ

river2

മലയാളി സംരംഭം നേ‌ടിയത് 575 കോടി രൂപ

കൊച്ചി: ബംഗളൂരു ആസ്ഥാനമായ മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ സംരംഭമായ 'റിവർ" കേരളത്തിലും സാന്നിദ്ധ്യം ഉറപ്പിക്കുന്നു. റിവറിന്റെ ആദ്യ സ്റ്റോർ കൊച്ചിയിൽ ആരംഭിച്ചു. റിവറിന്റെ മോഡലായ ഇൻഡി, ആക്‌സസറികൾ, എക്‌സ്‌ക്ലൂസിവ് മെർക്കന്റൈസ് എന്നിവ ലഭ്യമാകും.

ദേശീയപാത ബൈപ്പാസിൽ വെണ്ണലയിൽ 1,715 ചതുരശ്രയടിയിലാണ് ആദ്യത്തെ സ്റ്റോർ ഒരുക്കിയത്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും ഏതാനും മാസങ്ങൾക്കകം റിവർ സ്റ്റോറുകൾ ആരംഭിക്കും. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, വിശാഖപട്ടണം എന്നിവിടങ്ങളിലായി എട്ട് ഔട്ട്‌ലെറ്റുകളാണ് റിവറിനുള്ളത്. 2025 മാർച്ചിൽ രാജ്യത്തുടനീളം 25 സ്റ്റോറുകൾ ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരളത്തിലുടനീളം റിവറിന്റെ നവീനാനുഭവം കൊണ്ടുവരുമെന്ന് റിവർ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് മണി പറഞ്ഞു

റിവർ സ്വന്തമായി വികസിപ്പിച്ചതാണ് സ്‌കൂട്ടറാണ് ഇൻഡി. സ്‌കൂട്ടറുകളിലെ എസ്.യു.വി എന്നാണ് റിവറിനെ വിശേഷിപ്പിക്കുന്നത്. യാത്രയ്‌ക്ക് പുറമെ, സാധനങ്ങൾ കൊണ്ടുപോകാനുള്ള സൗകര്യമാണ് ഇൻഡിയുടെ പ്രത്യേകത. 55 ലിറ്റർ സ്‌റ്റോറേജ് സ്ഥലമാണുള്ളത്. യൂട്ടിലിറ്റിക്കും പ്രാധാന്യം നൽകിയാണ് രൂപകല്പനയെന്ന് വിപിൻ ജോർജ് പറഞ്ഞു.

റിവർ ഇൻഡി

കൊച്ചി വില 1,42,999 രൂപ

പരമാവധി വേഗത 110 കിലോമീറ്റർ

ടയർ 14 ഇഞ്ച്

വാറന്റി 3 വർഷം

ഭാരം 120 കിലോ

നിറങ്ങൾ 5

മലയാളി വിജയഗാഥ

ഹോണ്ടയിൽ ഡിസൈനറായിരുന്ന കോഴിക്കോട് സ്വദേശി വിപിൻ ജോർജ് ചീഫ് പ്രോഡക്‌ട് ഓഫീസറായും തിരുവനന്തപുരം സ്വദേശി അരവിന്ദ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായാണ് 2021ൽ ബംഗളൂരുവിൽ റിവർ സ്ഥാപിച്ചത്. വൈറ്റ് ഫീൽഡിൽ ഗവേഷണവികസന കേന്ദ്രവും ഹോസ്കോട്ടയിൽ അസംബ്ളിംഗ് യൂണിറ്റും ആരംഭിച്ചു. 2023ലാണ് സ്‌കൂട്ടർ ഉത്പാദനം ആരംഭിച്ചത്. പ്രതിവർഷം ഒരുലക്ഷം യൂണിറ്റ് നിർമ്മിക്കാനുള്ള ശേഷി പ്ളാന്റിനുണ്ട്. 3,200 സ്‌കൂട്ടറുകൾ വിറ്റുകഴിഞ്ഞു. രണ്ടുവർഷം കഴിഞ്ഞ് പുതിയ മോഡൽ വിപണിയിലിറക്കും.

575 കോടിയുടെ നിക്ഷേപം

റിവറിന് തുടക്കമിട്ടതിന് പിന്നാലെ വൻകിട ആഗോളനിക്ഷേപകരാണ് റിവറിൽ മുതൽ മുടക്കിയത്. ഇതുവരെ നേടിയത് 575 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ടൊയോട്ട വെഞ്ചേഴ്സ്, യമഹ, അൽഫുട്ടൈൻ, മിസ്‌റ്റിക് കോ തുടങ്ങിയവയാണ് നിക്ഷേപം നടത്തിയത്. ശ്രീലങ്ക ഉൾപ്പെടെ വിദേശവിപണികളിലും പ്രവേശിക്കാനുള്ള പദ്ധതിയിലാണെന്ന് അരവിന്ദ് മണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RIVER SCOOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360