SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 AM IST

ബാങ്കുകളുടെ വായ്പാ വിതരണം മന്ദഗതിയിലേക്ക്

loan

റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു

കൊച്ചി: റിസർവ് ബാങ്ക് നിബന്ധനകൾ കടുപ്പിച്ചതോടെ ബാങ്കുകൾക്ക് വായ്പാ വിതരണത്തിൽ പ്രതീക്ഷിച്ച വളർച്ച നേടാനാകുന്നില്ല. നവംബറിൽ ബാങ്കുകളുടെ വായ്പാ വിതരണത്തിൽ മുൻവർഷത്തേക്കാൾ 11.8 ശതമാനം വർദ്ധനയാണ് ദൃശ്യമായത്. കഴിഞ്ഞ വർഷം നവംബറിൽ വായ്പയിൽ 16.5 ശതമാനം വളർച്ചയുണ്ടായിരുന്നു. തുർച്ചയായ അഞ്ചാം മാസമാണ് വായ്പ വിതരണത്തിൽ തളർച്ചയുണ്ടാകുന്നത്. എച്ച്.ഡി.എഫ്.സിയും എച്ച്.ഡി.എഫ്.സി ബാങ്കുമായുള്ള ലയനത്തിന്റെ പ്രത്യാഘാതം കൂടി കണക്കിലെടുത്താൽ വായ്പാ വിതരണത്തിലെ വളർച്ച 10.6 ശതമാനം മാത്രമാണെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ചെറുകിട, നഗര മേഖലകളിൽ ഉപഭോഗം ഗണ്യമായി മെച്ചപ്പെട്ടതോടെ കഴിഞ്ഞ വർഷത്തെ ആദ്യ മാസങ്ങളിൽ വായ്പാ വിതരണത്തിൽ മികച്ച വളർച്ചയുണ്ടായിരുന്നു. വ്യക്തിഗത, ക്രെഡിറ്റ് കാർഡ് വായ്പകളാണ് കുത്തനെ കൂടിയത്. അതേസമയം നവംബറിൽ വ്യക്തിഗത വായ്പകളുടെ വിതരണത്തിലെ വളർച്ച മുൻവർഷത്തെ 22.4 ശതമാനത്തിൽ നിന്ന് 14.4 ശതമാനമായി കുറഞ്ഞു.

ഭവന, വ്യക്തിഗത, സ്വർണ പണയ വായ്പകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. വ്യവസായ, സേവന മേഖലകളിലെ വായ്പ ആവശ്യം പ്രതീക്ഷിച്ച വളർച്ച നേടുന്നില്ലെന്നും ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.

1. സാമ്പത്തിക മേഖലയിലെ തളർച്ചയും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റവും ഉപഭോഗത്തെ ബാധിക്കുന്നതിനാൽ വായ്പ തേടുന്നവരുടെ എണ്ണം കുറയുന്നു

2. മതിയായ ഈടുകളില്ലാതെ വ്യക്തിഗത വായ്പകൾ അനിയന്ത്രിതമായി നൽകുന്നതിന് റിസർവ് ബാങ്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും വിനയായി

3.റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയതോടെ തിരിച്ചടവ് ഭാരം കൂടിയതും ഉപഭോക്താക്കളെ വായ്പയെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു

4. വൻകിട കോർപ്പറേറ്റ് കമ്പനികളും ചെറുകിട, ഇടത്തരം സംരംഭങ്ങളും ഓഹരി, കടപ്പത്ര വിൽപ്പനയിലൂടെ പണം സമാഹരിക്കുന്നു

നിക്ഷേപ സമാഹരണത്തിൽ ഉണർവ്

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ നിക്ഷേപ സമാഹരണത്തിൽ മികച്ച ഉണർവ് ദ്യശ്യമായി. ഓഹരി, കമ്പോള വിപണികളിൽ അനിശ്ചിതത്വമേറിയതോടെ നിക്ഷേപകർ പണം ബാങ്കുകളിലേക്ക് മാറ്റുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അവലോകന കാലയളവിൽ പഞ്ചാബ് നാഷണൽ ബാങ്ക്, സി.എസ്.ബി ബാങ്ക്, കരൂർ വൈശ്യ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ എന്നിവ പത്ത് ശതമാനത്തിലധികം വളർച്ച നിക്ഷേപ സമാഹരണത്തിൽ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360