
കോട്ടയം: പുതുവർഷത്തിലും റബർ വിപണി കടുത്ത സമ്മർദ്ദത്തിലൂടെയാണ് നീങ്ങുന്നത്. വർഷത്തിന്റെ തുടക്കത്തിൽ 30 രൂപയുടെ വ്യത്യാസമുണ്ടായിരുന്ന രാജ്യാന്തര, ആഭ്യന്തര വിലകൾ ഒപ്പത്തിനൊപ്പമെത്തി. പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനം ഇടിഞ്ഞപ്പോൾ വില ഉയരേണ്ടതാണെങ്കിലും ഡിമാൻഡ് കുറഞ്ഞത് തിരിച്ചടിയായി.
റബർ ബോർഡ് വില ആർ.എസ്.എസ് ഫോറിന് 192 രൂപയും വ്യാപാരി വില 184 രൂപയും അന്താരാഷ്ട വില ബാങ്കോക്ക് 193 രൂപയിലുമാണ്.
വിദേശ വിപണിയിൽ കിലോയ്‌ക്ക് ആറ് രൂപ വരെ ഇടിഞ്ഞതോടെ ആഭ്യന്തര വില ഇടിക്കാൻ ടയർ ലോബി ശ്രമിച്ചെങ്കിലും ചരക്ക് വിൽക്കാതെ കർഷക കൂട്ടായ്മ വ്യവസായികളുടെ തന്ത്രം പൊളിച്ചു. കിലോയ്‌ക്ക് 200 രൂപ കിട്ടുന്നതുവരെ ടാപ്പിംഗ് ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം.
റബർ ഉത്പാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നേറുകയാണെന്ന് പ്രകൃതി ദത്ത റബർ ഉത്പാദക രാജ്യങ്ങളുടെ സംഘടനയുടെ കണക്ക് . ഉത്പാദനത്തിൽ 2.1 ശതമാനവും ഉപഭോഗത്തിൽ 4,9 ശതമാനവുമാണ് വർദ്ധന. ഉത്പാദനം 8.39 ലക്ഷം ടണ്ണിൽ നിന്ന് 8.57 ലക്ഷം ടണ്ണിലെത്തി. ഉപഭോഗം 13.5 ലക്ഷം ടണ്ണിൽ നിന്ന് 14.16 ലക്ഷം ടണ്ണായും ഉയർന്നു.
കുരുമുളക് വില കൂടിയേക്കും
ഉത്തരേന്ത്യയിൽ ഗുണനിലവാരം കുറഞ്ഞ വിദേശ മുളകിനോട് വ്യാപാരികൾ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ കേരളത്തിലെ ഹൈറേഞ്ച് കുരുമുളക് വിപണിയിലെത്തി. തണുപ്പ് കൂടിയതോടെ ഹൈറേഞ്ചിൽ ഉത്പാദനത്തിലും കരുതൽ ശേഖരത്തിലും ഇടിവുണ്ടായതോടെ ഡിമാൻഡ് കൂടി. പുതുവർഷത്തിൽ വില വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7875 ഡോളറിൽ നിന്ന് 7800 ഡോളറിലെത്തി. ശ്രീലങ്ക 6900 ഡോളർ, വിയറ്റ്നാം 6950 ഡോളർ, ബ്രസീൽ 6900 ഡോളർ, ഇന്തേനേഷ്യ 7900 ഡോളർ എന്നിങ്ങനെയാണ് വില. രണ്ടാഴ്ചക്കിടയിൽ കുരുമുളക് വില കിലോയ്‌ക്ക് 13 രൂപ ഇടിഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചില വ്യാപാരികളുടെ ജി.എസ്.ടി തട്ടിപ്പാണ് വില ഇടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |