
500 കോടി നിക്ഷേപത്തിൽ ലോജിസ്‌റ്റിക് പാർക്ക് വരുന്നു
കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയിൽ ആവേശം സൃഷ്‌ടിച്ച് അദാനി ഗ്രൂപ്പ് കേരളത്തിലേക്ക് നിക്ഷേപം ഒഴുക്കുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നീ വമ്പൻ പദ്ധതികൾക്ക് പിന്നാലെയാണ് അദാനി ഗ്രൂപ്പ് കൊച്ചിയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിൽ ആധുനിിക ലോജിസ്‌റ്റിക്സ് പാർക്ക് സ്ഥാപിക്കുന്നത്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിലെ സംതൃപ്തിയാണ് കൂടുതൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നതെന്ന് അദാനി ഗ്രൂപ്പിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
കളമശേരിയിൽ 70 ഏക്കറിൽ നിർമ്മിക്കുന്ന പാർക്കിൽ ഫ്ളിപ്കാർട്ടും വാൾമാർട്ടും ഉൾപ്പെടെ വൻകിട ഇ-കൊമേഴ്സ് കമ്പനികൾ വെയർ ഹൗസുകൾ സ്ഥാപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലോജിസ്റ്റിക്സ് ഹബ്ബായി മാറാൻ കേരളത്തിന് അവസരമൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
മുംബയിലെ സ്വകാര്യ കമ്പനിയായ ബ്ളൂസ്റ്റാർ റിയൽറ്റേഴ്സ് സൈബർസിറ്റി പദ്ധതിക്കായി ഒരു പതിറ്റാണ്ട് മുമ്പ് എച്ച്.എം.ടിയിൽ നിന്ന് വാങ്ങിയ സ്ഥലമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. പദ്ധതി മുടങ്ങിയതോടെ സ്ഥലം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.
വിപുലമായ സാദ്ധ്യതകൾ
ലോജിസ്‌റ്റിക്സ് പാർക്കിന്റെ പ്രാഥമികജോലികൾ ആരംഭിച്ചു. നടപ്പുവർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യം. വൻകിട കമ്പനികൾക്കായി വെയർ ഹൗസുകൾ പാർക്കിലുണ്ടാകും. ഇ-കൊമേഴ്സ് ബിസിനസിലെ വമ്പന്മാരായ ഫ്ളിപ്പ് കാർട്ടാണ് ആദ്യം പ്രവർത്തനം ആരംഭിക്കുക. വാൾമാർട്ടിന്റെ ഉപസ്ഥാപനവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ ലോജിസ്റ്റിക്‌സ് പാർക്കുകളുടെ മേഖലയിൽ സമാനതകളില്ലാത്ത നിക്ഷേപമാണ് എത്തുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും രണ്ട് വലിയ തുറമുഖങ്ങളും 17 ചെറിയ തുറമുഖങ്ങളും മികച്ച റോഡ് ശൃംഖലയും ജലപാതകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കേരളത്തിന് വലിയ സാദ്ധ്യതകളാണ് തുറന്നിടുന്നത്.
പി. രാജീവ്
വ്യവസായ മന്ത്രി
വിഴിഞ്ഞത്തും അധിക നിക്ഷേപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഗ്രൂപ്പും സംസ്ഥാന സർക്കാരും ചേർന്ന് 7,900 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് രണ്ടായിരം കോടി രൂപയും നിക്ഷേപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |