
കൊച്ചി: ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് മുന്നോടിയായായി അസെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. കോൺഫഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് 'ആങ്കറിംഗ് ഗ്രോത്ത് ഫ്രം കേരള' എന്ന വിഷയത്തിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി ഒന്നിന് വൈകിട്ട് ഹോട്ടൽ മൺസൂൺ എംപ്രസിൽ നടക്കുന്ന പരിപാടിയിൽ രണ്ട് സെഷനുകളാണുള്ളത്. വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. വിജയകഥകളുടെ അവതരണത്തോടെ വൈകിട്ട് 5.30നാണ് സമ്മേളനം ആരംഭിക്കുന്നത്. പാനൽ ചർച്ചയും സംവാദവും വ്യവസായ വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നയിക്കും.
ഹൈക്കൺ ഇന്ത്യ സി.എം.ഡി ക്രിസ്റ്റോ ജോർജ്, നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് ഡയറക്ടർ സന്ദിത് അറുമുഖൻ തണ്ടശേരി, പോപ്പീസ് ബേബി കെയർ പ്രോഡക്ട്സ് സ്ഥാപകനും എം.ഡിയുമായ ഷാജു തോമസ്, ഏയ്സ്വെയർ ഫിൻടെക് സർവീസസ് എം.ഡി നിമിഷ ജെ. വടക്കൻ, സോൾവ് പ്ലാസ്റ്റിക് പ്രോഡക്ട്സ് എം.ഡി സുധീർകുമാർ, ട്രാൻസ്മിയോ സ്ഥാപകനും സി.ഇ.ഒ യുമായ സഫിൽ സണ്ണി തുടങ്ങിയവർ വിജയകഥകൾ പങ്കുവയ്ക്കും.
വൈകിട്ട് 6.45ന് പാനൽ ചർച്ച കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ നയിക്കും. എസ്.എഫ്.ഒ ടെക്നോളജീസ് (നെസ്റ്റ് ഗ്രൂപ്പ്) സി.എം.ഡി എൻ. ജഹാംഗീർ, സി.ഐ.ഐ മുൻ റീജണൽ ചെയർമാൻ നവാസ് മീരാൻ (ഈസ്റ്റേൺ ട്രെഡ്സ് ലിമിറ്റഡ്), സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി അജു ജേക്കബ്, വി.കെ.സി ഫുട്ഗിയർ സി.എം.ഡി വി.കെ.സി റസാഖ്, പീകെ സ്റ്റീൽ കാസ്റ്റിംഗ്സ് ജോയിന്റ് എം.ഡി കെ.ഇ ഷാനാവാസ്, വൈറ്റൽ കാഷ്യൂ ഇൻഡസ്ട്രീസ് എം.ഡി സന്തോഷ് കാമത്ത് തുടങ്ങിയവർ പങ്കെടുക്കും. സി.ഐ.ഐ കേരള ചെയർമാൻ വിനോദ് മഞ്ഞില (മഞ്ഞിലാസ് ഫുഡ് ടെക്), ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറും ബിസിനസ് മേധാവി (റീട്ടെയിൽ)യുമായ ശാലിനി വാര്യർ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |