
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയർത്തുമെന്ന ആശങ്കയിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി. ഇതിന് ചുവടുപിടിച്ച് സംസ്ഥാനത്ത് പവൻ വില 680 രൂപ വർദ്ധിച്ച് 60,760 രൂപയിലെത്തി. ഗ്രാമിന്റെ വില 85 രൂപ ഉയർന്ന് 7,595രൂപയിലെത്തി. ജനുവരി 24ന് രേഖപ്പെടുത്തിയ 60,440 രൂപയെന്ന റെക്കാഡാണ് സ്വർണം പവൻ വില പുതുക്കിയത്. ന്യൂഡൽഹി വില പത്ത് ഗ്രാമിന് 170 രൂപ വർദ്ധനയോടെ 82,900 രൂപയിലെത്തി റെക്കാഡിട്ടു. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് വില 2,762 ഡോളറിലാണ്.
ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയിൽ പവൻ വില 65,000 കടന്നേക്കും.
ഒരു വർഷത്തിനിടെ സ്വർണ വിലയിൽ 32 ശതമാനം വർദ്ധനയാണുണ്ടായത്. ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 3,560 രൂപയുടെ വർദ്ധനയാണുണ്ടായത്.
18 കാരറ്റ് സ്വർണ്ണത്തിന് 50,000 രൂപ കടന്നു
18 കാരറ്റ് സ്വർണത്തിനും ഇന്നലെ വില കൂടി. 6275 രൂപ ഗ്രാമിനും 50200 രൂപ പവനും വിലയായി. കഴിഞ്ഞ വർഷം ഇതേ ദിവസം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4780 രൂപയും പവന് 38240 രൂപയുമായിരുന്നു വില. 11960 രൂപയാണ് ഒരു വർഷത്തിനിടെ വർദ്ധിച്ചത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5780 രൂപയിൽ നിന്ന് 7595 രൂപയായി വർദ്ധിച്ചു. പവന് 46240 രൂപയിൽ നിന്ന് 60760 രൂപയായി. 14520 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. വെള്ളിക്ക് ഒരു വർഷത്തിനിടെ 78 രൂപയിൽ നിന്ന് 98 രൂപയായി. 20 രൂപയുടെ വ്യത്യാസമാണുണ്ടായത്.
സ്വർണവില വൻതോതിൽ വർദ്ധിക്കുന്നതിനാൽ 14 കാരറ്റ് സ്വർണാഭരണങ്ങൾ വിപണിയിലേക്ക് എത്തുന്നുണ്ട്. ഹാൾമാർക്കിംഗ് എച്ച്. യു. ഐ. ഡി, 14 കാരറ്റ് സ്വർണത്തിനും രേഖപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അഡ്വ. എസ്. അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ,
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ, എ.കെ.ജി.എസ്.എം.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |