
കെ. കെ ജയകുമാർ
ഇടത്തരക്കാരന്റെ കയ്യിൽ 'ചെലവഴിക്കാവുന്ന വരുമാനം' കൂടുതൽ വരുന്നത് ഇന്ത്യയിലെ ഓഹരി വിപണിക്കും മ്യൂച്വൽ ഫണ്ടുകൾക്കും ഏറെ ഗുണകരമായിരിക്കുമെന്ന പ്രതീക്ഷയിൽ വലിയ കഴമ്പില്ല. കേന്ദ്രസർക്കാർ പോലും അത്തരമൊരു പ്രതീക്ഷയുണ്ടാവില്ല. രാജ്യ പുരോഗതിക്കായി ഇടത്തരക്കാരന്റെ കയ്യിലേക്ക് കൂടുതൽ ഡിസ്‌പോസബിൾ വരുമാനം കൊണ്ടുവരണമെന്നാണ് വാദം. ഇടത്തരക്കാരന്റെ കയ്യിൽ ചെലവഴിക്കാവുന്ന വരുമാനം കൂടുതൽ വരുന്നത് ഗാർഹിക ഉപഭോഗം, സമ്പാദ്യം, നിക്ഷേപം എന്നിവ കുതിച്ചുയരാൻ കാരണമാകുമെന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു താളത്തിന് സേവിംഗ്സ്, ഇൻവെസ്റ്റ്മെന്റ് എന്നീ വാക്കുകൾ കൂട്ടിച്ചേർത്തതാണ്. നിലവിൽ ഇടത്തരക്കാരന് ആശ്വാസമായി ആദായ നികുതി ഇളവ് നൽകിയിരിക്കുന്നത് ഗാർഹിക ഉപഭോഗം കൂട്ടാനാണ്. ഇടത്തരക്കാർക്ക് അധിക പണം നൽകിയാൽ കയ്യിലുള്ളതും കടം വാങ്ങിയതും ചേർത്ത് ചെലവഴിക്കുമെന്ന് ധനമന്ത്രിക്കറിയാം. അതിനാൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാക്കിയാൽ മിച്ചം കിട്ടുന്ന പണം ഇടത്തരക്കാർ വിപണിയിൽ ചിലവഴിക്കും. നികുതി ഇളവ് കൊടുത്താൽ ഖജനാവിന് നഷ്ടം ഒരു ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി പറയുന്നു. ഇതിന്റെ ഇരട്ടി തുകയാകും ഇടത്തരക്കാരൻ വിപണിയിലേക്ക് ഒഴുകാൻ പോകുന്നത്.
മൂലധന നേട്ടം പോലുള്ള അധിക വരുമാനം ലഭിക്കുന്നവരെ ആദായ നികുതി ഇളവിൽ നിന്ന് ഒഴിവാക്കുമോ എന്നറിയില്ല. ഏതായാലും നിക്ഷേപത്തിനും വായ്പയ്ക്കും ജീവിതച്ചെലവുകൾക്കും നികുതി ഇളവ് കിട്ടിയിരുന്ന പഴയ ടാക്സ് സംവിധാനം സ്വകീരിക്കുന്നവർക്ക് ഒരിളവും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയം. വ്യക്തിഗത സമ്പാദ്യത്തിനോ നിക്ഷേപത്തിനോ ഒരു പ്രോൽസാഹനവും നൽകാതിരിക്കാൻ സർക്കാർ കുറേക്കാലമായി പ്രത്യേകം ശ്രദ്ധിക്കുകയാണ്. ലഘു സമ്പാദ്യ നിക്ഷേപത്തിൽ നിന്നുപോലും ആളുകളെ തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. ഉദ്ദേശം വ്യക്തം. സമ്പാദിക്കാനും നിക്ഷേപിക്കാനുമല്ല, ചെലവഴിക്കാനാണ് ബഡ്‌ജറ്റ് പ്രോത്സാഹനം നൽകുന്നത്. ആദായനികുതി ഇളവുള്ളതുകൊണ്ട് മാത്രമാണ് നമ്മുടെ ചെറുപ്പക്കാർ അൽപ്പമെങ്കിലും സമ്പാദിച്ചിരുന്നതും നിക്ഷേപിച്ചിരുന്നതും. അതൊക്കെ ഇനി പഴങ്കഥയാകും.
(പേഴ്സണൽ ഫിനാൻസ് അനലിസ്‌റ്റാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |