
ട്രംപിന്റെ നീക്കം ആഗോളവത്കരണത്തിന് വിനയാകും
കൊച്ചി: കാനഡ, മെക്സികോ, ചൈന എന്നീ രാജ്യങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കമിട്ട തീരുവ യുദ്ധം ആഗോള വിപണികളിൽ അനിശ്ചിതത്വം ശക്തമാക്കുന്നു. ജപ്പാനിലെ നിക്കി 225, ദക്ഷിണ കൊറിയയിലെ കോസ്‌പി, തയ്‌വാൻ സ്‌റ്റോക്ക് എക്സ്ചേഞ്ച് എന്നീ ഓഹരി സൂചികകൾ ഇന്നലെ മൂക്കുകുത്തി. ഇന്ത്യയിലെ സെൻസെക്സും നിഫ്റ്റിയും കനത്ത നഷ്‌ടത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി.
കാനഡ, മെക്സികോ എന്നിവിടങ്ങളിൽ വൻതോതിൽ വ്യവസായിക നിക്ഷേപം നടത്തിയിട്ടുള്ള കോർപ്പറേറ്റുകളുടെ ഓഹരികളാണ് പ്രധാനമായും തകർച്ച നേരിട്ടത്. ലോകമെമ്പാടുമുള്ള വ്യാപാര ഇടപാടുകളെ ട്രംപിന്റെ വിനാശകരമായ നയങ്ങൾ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ടൊയോട്ട മോട്ടോർ, നിസാൻ, ഹോണ്ട, വോക്‌സ്‌വാഗൺ, ബി.എം.ഡബ്‌ള്യു എന്നിവയുടെയെല്ലാം ഓഹരികൾ തകർന്നടിഞ്ഞു.
വ്യാപാര സംരക്ഷണത്തിനില്ലെന്ന് ഇന്ത്യ
താരിഫ് യുദ്ധം ശക്തമാകുന്നതിനിടെ ആഭ്യന്തര വ്യവസായത്തെ സംരംക്ഷിക്കുന്ന നടപടികൾക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. മോട്ടോർ സൈക്കിളുകൾ മുതൽ തുണിമില്ലുകളുടെ മെഷീനുകൾക്ക് വരെ ഇറക്കുമതി തീരുവ കുറച്ചത് അമേരിക്കയുടെ പ്രതികൂല നടപടികൾ ഒഴിവാക്കാനാണെന്ന് ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. താരിഫ് രാജാവെന്ന് ഇന്ത്യയെ ട്രംപ് വിശേഷിപ്പിച്ചിരുന്നു.
മെയ്‌ഡ് ഇൻ ഇന്ത്യ ഫോണുകൾക്ക് നല്ല കാലം
ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ട്രംപ് പത്ത് ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതിയിൽ വൻകുതിപ്പുണ്ടായേക്കും. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതി കൂടാൻ പുതിയ സാഹചര്യം അവസരമൊരുക്കും.
പവൻ വില 62,000 കടന്നേക്കും
വൻകിട നിക്ഷേപകർ സുരക്ഷിതത്വം തേടി സജീവമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,803 ഡോളർ കവിഞ്ഞു. ജനുവരി 31ന് വില 2,815 ഡോളർ വരെ ഉയർന്നതിന് ശേഷം കുത്തനെ താഴ്ന്നിരുന്നു. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 61,640 രൂപയിലെത്തി. ഗ്രാമിന്റെ വില 40 രൂപ താഴ്ന്ന് 7.705 രൂപയായി. ഇന്ന് സ്വർണ വില പവന് 62,000 രൂപ കടന്നേക്കും
ക്രൂഡോയിൽ വില ബാരലിന് 77 ഡോളറിൽ
അമേരിക്കൻ ഓഹരികൾ തകർന്നടിയുന്നു
കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ വ്യാപാര തീരുവ നിലപാടുകൾ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായതോടെ വാൾസ്ട്രീറ്റിൽ ഇന്നലെ കണ്ണീർ മഴ. പ്രധാന ഓഹരി സൂചികകളെല്ലാം ഇന്നലെ കനത്ത വില്പന നഷ്ടമാണ് നേരിടുന്നത്. ഡൗ ജോൺസ് ഇന്റർനാഷണൽ ഇന്നലെ തുടക്കത്തിൽ 28 പോയിന്റ് നഷ്ടം നേരിട്ടു. എസ്. ആൻഡ് പി 500 സൂചിക ഒന്നര ശതമാനം ഇടിഞ്ഞു. നാസ്ദാക്ക് സൂചികയും വൻ തകർച്ചയാണ് നേരിട്ടത്. ട്രംപിന്റെ തീരുവ യുദ്ധം അമേരിക്കയ്ക്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന ആശങ്കയാണ് നിക്ഷേപകരെ ആെങ്കയിലാക്കുന്നത്. ബിറ്റ്കോയിൻ മുതൽ ഓഹരികൾ വരെ പ്രധാന നിക്ഷേപങ്ങളിൽ കനത്ത വില്പന സമ്മർദ്ദമാണ് ദൃശ്യമാകുന്നത്.
ലോകം അതിരൂക്ഷമായ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ വിനാശകരമായ വ്യാപാര നയങ്ങൾ ലോകമൊട്ടാകെ വിലക്കയറ്റം അതിരൂക്ഷമാക്കുമെന്ന ആശങ്കകളും ശക്തമാണ്. ആഗോളവൽക്കരണ നയങ്ങളെ പിന്നോട്ടടിക്കുന്ന വിധത്തിലാണ് വിവിധ രാജ്യങ്ങൾ തീരുവകൾ ഉയർത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |