
വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് നിക്ഷേപകർ
കൊച്ചി: കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എതിരെയുള്ള തീരുവ നടപടികൾ ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചതിനൊപ്പം ചൈനയ്‌ക്ക് പുതിയ തീരുവ ഏർപ്പെടുത്തിയതും ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നലെ ആവേശം പകർന്നു. ഇതോടെ സെൻസെക്സും നിഫ്‌റ്റിയും ഒരു മാസത്തിനിടെയിലെ ഉയർന്ന തലത്തിലേക്ക് കുതിച്ചുയർന്നു. സെൻസെക്‌സ് 1,397.07 പോയിന്റ് കുതിപ്പോടെ 78,583.81ൽ അവസാനിച്ചു. നിഫ്‌റ്റി 378.2 പോയിന്റ് വർദ്ധിച്ച് 23,739.25ൽ അവസാനിച്ചു. എൽ ആൻഡ് ടി, ടാറ്റ മോട്ടോർസ്, അദാനി പോർട്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്കിംഗ്, ധനകാര്യം, മെറ്റൽ, ഫാർമ്മ, ആരോഗ്യരക്ഷ തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ വിലയിൽ മികച്ച മുന്നേറ്റമുണ്ടായി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലകളും കുതിച്ചു.
ഏഷ്യയിലെയും യൂറോപ്പിലെ ഓഹരികളും ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം നടത്തിയത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ സൂചിക ദുർബലമായതും അനുകൂലമായി.
നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന 4.73 ലക്ഷം കോടി രൂപ
1. കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച നികുതി ഇളവുകൾ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ വില്പന മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
2. യൂറോയ്ക്കും ജാപ്പനീസ് യെന്നിനുമെതിരെ അമേരിക്കൻ ഡോളർ ദുർബലമായതോടെ നിക്ഷേപകർ വീണ്ടും ഓഹരി വിപണിയിൽ സജീവമായി
4. ജനുവരിയിൽ മാരുതി സുസുക്കി ഉൾപ്പെടെയുള്ള വാഹന കമ്പനികളുടെ വിൽപ്പന കുത്തനെ ഉയർന്നതിനാൽ വിപണിയിൽ ഉണർവിന്റെ സൂചനകൾ ശക്തമാണ്
ഇന്ത്യയ്ക്ക് അവസരമായേക്കും
ചൈനീസ് ഉത്പന്നങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കിയതിനാൽ ഇന്ത്യയുടെ കയറ്റുമതി സാദ്ധ്യതകൾ വർദ്ധിക്കുകയാണ്. തീരുവയിലെ വർദ്ധന ചൈനയും അമേരിക്കയുമായുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഇലക്ട്രിക്കൽ മെഷിനറി, വാഹന ഘടക ഭാഗങ്ങൾ, സ്‌മാർട്ട് ഫോണുകൾ, മരുന്നുകൾ, കെമിക്കലുകൾ, അപ്പാരൽസ്, തുണിത്തരങ്ങൾ തുടങ്ങിയവ കൂടുതലായി ഇന്ത്യയിൽ നിന്ന് വാങ്ങാൻ അമേരിക്കൻ കമ്പനികൾ തയ്യാറാകുമെന്നും പ്രതീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |