
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകർന്ന് ജനുവരിയിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 4.6 ശതമാനത്തിലേക്ക് താഴ്ന്നു. ഡിസംബറിൽ നാണയപ്പെരുപ്പം 5.22 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ തോത് കുറയുന്നതിനാൽ നഗര, ഗ്രാമീണ മേഖലകളിൽ ഉപഭോഗം ഉയരാൻ ഇതോടെ സാഹചര്യമൊരുങ്ങും. പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെ വിലക്കയറ്റം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ കുടുംബങ്ങളുടെ വാങ്ങൽശേഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഭക്ഷ്യ വില സൂചിക അവലോകന കാലയളവിൽ 6.02 ശതമാനമായി താഴ്ന്നു. ഇഞ്ചിക്ക് 30.92 ശതമാനവും ഉണക്കമുളകിന് 11.27 ശതമാനവും വഴുതനങ്ങയ്ക്ക് 9.94 ശതമാനവും വില കുറഞ്ഞു. എൽ.പി.ജി വില 9.29 ശതമാനം താഴ്‌ന്നു. ഗ്രാമീണ മേഖലയിൽ നാണയപ്പെരുപ്പം 4.64 ശതമാനമായും നഗരങ്ങളിൽ 3.87 ശതമാനമായും കുറഞ്ഞു.
വ്യാവസായിക ഉത്പാദനവും തളരുന്നു
കയറ്റുമതി വിപണിയിലെ തളർച്ചയും ആഭ്യന്തര വിപണിയിലെ ഉപഭോഗ ഇടിവും മൂലം ഡിസംബറിൽ വ്യാവസായിക ഉത്പാദന സൂചിക 3.2 ശതമാനത്തിലേക്ക് താഴ്ന്നു. നവംബറിലിത് 5.2 ശതമാനമായിരുന്നു. ഖനന മേഖലയിലെ ഉത്പാദനം 2.6 ശതമാനം വളർച്ച കൈവരിച്ചു. മാനുഫാക്ചറിംഗ് രംഗത്ത് മൂന്ന് ശതമാനവും വൈദ്യുതിയിൽ 6.2 ശതമാനവും ഉത്പാദന വർദ്ധനയുണ്ടായി. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വ്യാവസായിക ഉത്പാദന സൂചികയിലെ വളർച്ച മുൻവർഷത്തെ ആറ് ശതമാനത്തിൽ നിന്ന് നാല് ശതമാനമായാണ് താഴ്ന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |